പത്മശ്രീയില്‍ തിളങ്ങി കായിക ഇന്ത്യ; ഗംഭീറും ഛേത്രിയുമടക്കം എട്ട് പേര്‍ക്ക് പുരസ്‌കാരം

By Web TeamFirst Published Jan 25, 2019, 11:13 PM IST
Highlights

ഗൗതം ഗംഭീര്‍, സുനില്‍ ഛേത്രി, ബജ്രംഗ് പൂനിയ അടക്കം എട്ട് കായികതാരങ്ങള്‍ക്ക് പത്മശ്രീ. പര്‍വതാരോഹകനായ ബച്ചേന്ദ്രി പാലിന് പത്മഭൂഷന്‍. 

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ദേശീയ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി, ഗുസ്‌തി താരം ബജ്രംഗ് പൂനിയ അടക്കം എട്ട് കായികതാരങ്ങള്‍ക്ക് പത്മശ്രീ. ബാസ്‌ക്കറ്റ്ബോള്‍ താരം പ്രശാന്തി സിംഗ്, ടേബിള്‍ ടെന്നീസ് താരം ശരത് കമാല്‍, ചെസ് താരം ഹരിക ദ്രോണാവാലി, അമ്പെയ്ത്ത് താരം ബോംബൈല ദേവി, കബഡി താരം അജയ് താക്കൂര്‍ എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റ് കായിക താരങ്ങള്‍.  പര്‍വതാരോഹകന്‍ ബച്ചേന്ദ്രി പാലിന് പത്മഭൂഷന്‍ ലഭിക്കും. 

ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഇടംകൈയന്‍ ബാറ്റ്സ്‌മാനായ ഗംതം ഗംഭീര്‍‍. എന്നാല്‍ രണ്ട് വര്‍ഷക്കാലമായി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന താരം അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം.

എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം സുനില്‍ ഛേത്രിയുടെ കരുത്തില്‍ 1964ന് ശേഷം ആദ്യമായി ഒരു മത്സരം വിജയിച്ചിരുന്നു. തായ്‌ലന്‍ഡിനെ 4-1ന് ഞെട്ടിച്ചപ്പോള്‍ ഛേത്രി ഇരട്ട ഗോള്‍ നേടി. ഇതോടെ നിലവിലെ താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായി ഛേത്രി. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഛേത്രിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മെസിയെയാണ് പിന്തള്ളിയത്. കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരവും ഛേത്രിയാണ്.

രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മശ്രീ. ആകെ 112 പേര്‍ക്കാണ് ഇക്കുറി പത്മപുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇതില്‍ 94 പേര്‍ക്ക് പത്മശ്രീയും 14 പേര്‍ക്ക് പത്മഭൂഷനും നാല് പേര്‍ക്ക് പത്മവിഭൂഷനുമാണ്. പുരസ്‌കാരങ്ങള്‍ ലഭിച്ചവരില്‍ 21 വനിതകളും ഒരു ട്രാന്‍സ്‌ജന്‍ററുമുണ്ട്. 

click me!