ഇറ്റലിയുടെ ഗോള്‍വല കാക്കാന്‍ ബുഫണ്‍ വീണ്ടുമെത്തുന്നു

By Web DeskFirst Published Feb 28, 2018, 2:20 PM IST
Highlights

ടീമിന് ആവശ്യമുള്ളപ്പോള്‍ അവിടെ എത്തുക എന്നത് തന്റെ കടമയാണെന്നും ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ബുഫണ്‍ പറഞ്ഞു.

റോം: ഇറ്റലിയുടെ ഗോള്‍വല കാക്കാന്‍ ഇതിഹാസ താരം ജിയാൻല്യൂജി ബുഫണ്‍ വീണ്ടുമെത്തുന്നു. ലോകകപ്പ് യോഗ്യത നേടുന്നതില്‍ ഇറ്റലി പരാജയപ്പെട്ടപ്പോഴാണ് ബുഫണ്‍ രണ്ട് പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറിനോട് വിടപറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടിനും അര്‍ജന്റീനക്കുമെതിരായ സൗഹൃദ മത്സരത്തില്‍ ഇറ്റലിയുടെ ഗോള്‍വല കാക്കാനായി ബുഫണ്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത. ഇരു ടീമുകള്‍ക്കുമെതിരെ മാര്‍ച്ച് 23നും 27നും നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇറ്റാലിയന്‍ ടീമിലേക്ക് ബുഫണെ തിരിച്ചുവിളിക്കാന്‍ തയാറാണെന്ന് ഇറ്റലിയുടെ ഇടക്കാല പരിശീലകന്‍ ല്യൂഗി ഡീ ബിയാജിയോ പറഞ്ഞു.

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി പോകോനൊരുങ്ങുമ്പോഴാണ് ദേശീയ ടീമിലേക്കുള്ള ക്ഷണം വന്നതെന്നും ടീമിന് ആവശ്യമുള്ളപ്പോള്‍ അവിടെ എത്തുക എന്നത് തന്റെ കടമയാണെന്നും ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ബുഫണ്‍ പറഞ്ഞു. ഇറ്റലി പുതിയൊരു ടീമിനെ വാര്‍ത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ടീമിന് ആദ്യം തന്നെ നേരിടേണ്ടത് കരുത്തരായ ഇംഗ്ലണ്ടിനെയും അര്‍ജന്റീനയെയുമാണ്. അതുകൊണ്ടുതന്നെ ടീമിലെ യുവതാരങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാനായിട്ടാണെങ്കില്‍ പോലും പരിചയസമ്പന്നരായ താരങ്ങളെ തിരിച്ചുവിളിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ബുഫണ്‍ പറഞ്ഞു.

ALSO READ:കാൽപന്തുകളിയിലെ കൈക്കരുത്തായിരുന്നു ബുഫണ്‍

സീരി എ സീസണ്‍ പൂര്‍ത്തിയായല്‍ ക്ലബ് ഫുട്ബോളില്‍ നിന്നും വിരമിക്കുമെന്ന് യുവന്റന്‍സിന്റെ ഇതിഹാസ താരം കൂടിയായ ബുഫണ്‍ നേരത്തെ പറഞ്ഞിരുന്നു.ആറു തവണ ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയിട്ടുള്ള യുവന്റസ് പോയന്റ് പട്ടികയില്‍ രണ്ടാതാണിപ്പോള്‍.

click me!