ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പില്‍ വരുന്നതിന് പിന്നിലെ കാരണം

By Web DeskFirst Published Jun 2, 2016, 4:45 AM IST
Highlights


ദുബായ്: ഐസിസി നടത്തുന്ന പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്ലെല്ലാം ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്സണ്‍. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഇന്ത്യാ, പാക് ടീമുകളെ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ഡേവ്  റിച്ചാര്‍ഡ്സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ ടൂര്‍ണമെന്റുകളില്‍ തുടക്കത്തിലെ ഇന്ത്യാ-പാക് പോരാട്ടം നടക്കുമ്പോള്‍ കാണികളുടെ ആവേശം ഉയരുമെന്നതിനാലാണ് ഇത്തരത്തില്‍ ഇരുടീമുകളെയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. പരമ്പരാഗത വൈരികളായ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നതോടെ ടൂര്‍ണമെന്റിന് തുടക്കത്തിലെ വലിയ ആരാധക പിന്തുണ ഉറപ്പാക്കാനാവുമെന്നും റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.

എന്നാല്‍ ഇതിനായി ഫിക്സചറില്‍ കള്ളക്കളി നടത്താറുണ്ടെന്ന ആരോപണം ശരിയല്ലെന്നും ചില നീക്കുപോക്കുകള്‍ നടത്തുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്നും റിച്ചാര്‍ഡ്സണ്‍ വ്യക്തമാക്കി. സമീപകാലത്ത് ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യാ-പാക് പോരാട്ടം നടക്കാറുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഈ വര്‍ഷം നടന്ന ട്വന്റി-20 ലോകപ്പിലുമെല്ലാം ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഏറ്റുമുട്ടിയിരുന്നു.

click me!