ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും മരണഗ്രൂപ്പില്‍

By Web DeskFirst Published Jun 1, 2016, 6:25 PM IST
Highlights

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ സി സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ മല്‍സരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കും ശ്രീലങ്കയ്‌ക്കുമൊപ്പം മരണ ഗ്രൂപ്പായ ബിയിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യയുടെ ആദ്യ മല്‍സരം 2017 ജൂണ്‍ നാലിന് പാകിസ്ഥാനെതിരെയാണ്. എഡ്‍ജ്ബാസ്റ്റണിലാണ് ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം. ജൂണ്‍ എട്ടിന് ശ്രീലങ്കയ്ക്കെതിരെയും ജൂണ്‍ 11ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മല്‍സരങ്ങള്‍. പാകിസ്ഥാനെതിരെ അവസാനം കളിച്ച മൂന്നു പ്രധാന ടൂര്‍ണമെന്റുകളിലും ഇന്ത്യയാണ് വിജയം നേടിയത്. ലോകകപ്പ്, ഏഷ്യാകപ്പ് ടി20, ലോക ടി20 എന്നീ ടൂര്‍ണമെന്റുകളിലാണ് ഇന്ത്യ, പാകിസ്ഥാനുമേല്‍ വെന്നിക്കൊടി പാറിച്ചത്.

2013ലാണ് ഒടുവില്‍ ചാംപ്യന്‍സ് ട്രോഫി നടന്നത്. ഇത്തവണ എട്ടു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ മല്‍സരിക്കുന്നത്. 18 ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ 15 മല്‍സരങ്ങളാണുള്ളത്. ഓവല്‍, എ‍ഡ്ജ്ബാസ്റ്റണ്‍, കാര്‍ഡിഫ് എന്നീ മൂന്നു വേദികളിലായാണ് മല്‍സരം നടക്കുന്നത്. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ജൂണ്‍ 14, 15 തീയതികളില്‍ സെമിഫൈനലും ജൂണ്‍ 18ന് ഓവലില്‍ ഫൈനലും നടക്കും. ഗ്രൂപ്പ് എയില്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ആതിഥേയരായ ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകളാണ് മല്‍സരിക്കുന്നത്. വെസ്റ്റിന്‍ഡീസിന് ചാംപ്യന്‍സ് ട്രോഫിയില്‍ യോഗ്യത നേടാനായിട്ടില്ല.

click me!