മൂക്കുംകുത്തി വീണ് പേരുകേട്ട ബാറ്റിംഗ് നിര; തോല്‍വി മണത്ത് ഇന്ത്യ

By Web TeamFirst Published Dec 17, 2018, 3:50 PM IST
Highlights

ഓസ്‌ട്രേലിയയുടെ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് 98 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍...

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്‌ട്രേലിയയുടെ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് 98 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 112-5 എന്ന നിലയിലാണ് ഇന്ത്യ. ഹനുമ വിഹാരിയും(24) റിഷഭ് പന്തുമാണ്(9) ക്രീസില്‍. ഇന്ത്യക്ക് ജയിക്കാന്‍ 175 റണ്‍സ് കൂടി വേണം. 

നേരത്തെ സ്റ്റാര്‍ക്കിന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ലോകേഷ് രാഹുല്‍ പുറത്തായിരുന്നു. മൂന്നാമനായിറങ്ങിയ ചേതേശ്വര്‍ പൂജാരയെ(4) ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ പെയ്‌നിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ബാക് ഫൂട്ടിലായി. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം കോലിയും വിജയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയപ്പോഴാണ് ലിയോണ്‍ കോലിയെ വീഴ്ത്തിയത്. 13/2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ കോലിയും വിജയും ചേര്‍ന്ന് 47 റണ്‍സില്‍ എത്തിച്ചിരുന്നു.

പതിനേഴ് റണ്‍സെടുത്ത കോലിയെ നഥാന്‍ ലിയോണ്‍ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയുടെ കൈകകളിലെത്തിച്ചതോടെ ഇന്ത്യയുടെ പദ്ധതികള്‍ പാളി. കോലിക്ക് പിന്നാലെ 20 റണ്‍സെടുത്ത വിജയ്‌യെ ലിയോണ്‍ ബൗള്‍ഡാക്കി. വിഹാരിയെ കൂട്ടുപിടിച്ച് രഹാനെ ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 47 പന്തില്‍ 30 റണ്‍സെടുത്ത രഹാനെയെ ഹേസല്‍വുഡ് ഹെഡിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ അധികം വിക്കറ്റ് നാശമില്ലാതെ വിഹാരിയും പന്തും നാലാം ദിനം അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ ആദ്യ സെഷനിലെ നിരാശക്കുശേഷം ലഞ്ചിനുശേഷമുള്ള രണ്ടാം സെഷനില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചിരുന്നു. 72 റണ്‍സ് നേടിയ ഉസ്‌മാന്‍ ഖവാജയമാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. ആറ് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് പേരെ പുറത്താക്കിയ ജസ്‌പ്രീത് ബൂംമ്രയുമാണ് ഇന്ത്യക്ക് ചെറിയ ആശ്വാസം നല്‍കിയത്.

നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും നായകന്‍ ടിം പെയ്‌നും ഓസ്‌ട്രേലിയയെ കൂറ്റന്‍ ലീഡിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ വില്ലനായി ഷമി ആറ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഓസീസ് മോഹം കവരുകയായിരുന്നു. എങ്കിലും മികച്ച ലീഡ് സ്വന്തമാക്കാന്‍ ഓസീസിന് സാധിച്ചു.

click me!