അര്‍ദ്ധ സെഞ്ചുറിക്കരികെ കുക്ക്; ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്

By Web TeamFirst Published Sep 9, 2018, 11:26 PM IST
Highlights

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. രണ്ട് ദിവസം അവശേഷിക്കേ ലീഡ് 150 കടന്ന് ഇംഗ്ലീഷ് പട. രണ്ടാം ഇന്നിംഗ്സിലും കുക്ക് അര്‍ദ്ധ സെഞ്ചുറി നേടുമോ എന്ന ആകാംക്ഷയില്‍ ആരാധകര്‍. ആദ്യ ഇന്നിംഗ്സിലും കുക്ക് അമ്പത് പിന്നിട്ടിരുന്നു.

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് 114 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിനിപ്പോള്‍ ആകെ 154 റണ്‍സ് ലീഡായി. 46 റണ്‍സെടുത്ത് കുക്കും 29 റണ്‍സുമായി റൂട്ടുമാണ് ക്രീസില്‍. 40 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന് ജെന്നിംഗ്സിനെ(10) തുടക്കത്തിലെ നഷ്ടമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ മൊയിന്‍ അലിയാണ്(20) പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. ഷമിക്കും ജഡേജയ്ക്കുമാണ് വിക്കറ്റ്. 

നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 332 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 292ല്‍ പുറത്തായി. ഇതോടെ ഇന്ത്യ 40 റണ്‍സ് ലീഡ് വഴങ്ങി. അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയും(56), സെഞ്ചുറിക്കരികെയെത്തിയ രവീന്ദ്ര ജഡേജയുമാണ്(86) വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കാത്തത്. പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍ (37), ശിഖര്‍ ധവാന്‍ (3), ചേതേശ്വര്‍ പൂജാര (37), വിരാട് കോലി (49), അജിന്‍ക്യ രഹാനെ (0), ഋഷഭ് പന്ത് (5), ഇശാന്ത് ശര്‍മ്മ(4), മുഹമ്മദ് ഷമി(1), ജസ്‌പ്രീത് ബൂംറ(0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍, സ്റ്റോക്‌സ്, അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 

ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 332ന് എല്ലാവരും പുറത്തായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് 89 റണ്‍സ് നേടിയ ടോപ് സ്‌കോറര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കുക്കും(71), അലിയും(50) അര്‍ദ്ധ സെഞ്ചുറി നേടി. വാലറ്റത്ത് ആദില്‍ റഷീദ് 51 പന്തില്‍ 15, സ്റ്റുവര്‍ട്ട് ബ്രോഡ് 59 പന്തില്‍ 38 എന്നിവര്‍ നിര്‍ണായകമായ സംഭാവന നല്‍കി. ഇന്ത്യക്കായി ജഡേജ നാലും, ഇശാന്ത് ശര്‍മ, ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വീഴ്ത്തി. 

കരിയറിലെ അവസാന ഇന്നിംഗ്സ് കളിക്കുന്ന ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് രണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കുമോ എന്നതാവും നാലാം ദിനത്തിലെ ആകാംക്ഷ. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ കുക്ക് അര്‍ദ്ധ ശതകം പിന്നിട്ടിരുന്നു. രണ്ട് ദിവസവും എട്ട് വിക്കറ്റും അവശേഷിക്കേ മികച്ച ലീഡ് സ്വന്തമാക്കി ഇന്ത്യയ്ക്ക് പ്രതിരോധം തീര്‍ക്കാനാവും റൂട്ടിന്‍റെയും സംഘത്തിന്‍റെ ശ്രമം. മത്സരം വിജയിക്കാനായാല്‍ ഇതിഹാസ താരത്തിന് ഗംഭീര യാത്രയപ്പ് നല്‍കാനും ഇംഗ്ലണ്ടിനാവും. അതേസമയം പരമ്പര ഇതിനകം കൈവിട്ട ഇന്ത്യ നാണക്കേട് കുറയ്ക്കാനാവും ലക്ഷ്യമിടുക.

click me!