ബോക്സിംഗ് അസോസിയേഷന്റെ ശ്രമം വിജയിച്ചാല്‍ റിയോയില്‍ മേരിയുണ്ടാവും

By Web DeskFirst Published Jun 1, 2016, 2:20 PM IST
Highlights

ദില്ലി: ബോക്‌സിംഗ് താരം മേരികോമിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് ദേശീയ ബോക്‌സിംഗ് ഫെഡറേഷന്‍ ശ്രമം  തുടങ്ങി.കഴിഞ്ഞ മാസം നടന്ന ലോക വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തോറ്റ് പുറത്തായതോടെയാണ് മേരി കോമിന് മുന്നില്‍ റിയോയിലേക്കുള്ള  വാതിലടഞ്ഞത്.‍ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ മേരി റിയോ ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് നേരത്തെ  വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം കസാഖിസ്ഥാനിലെ അസ്താനയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ പുറത്തായതോടെയാണ് അഞ്ചുവട്ടം ലോക ചാമ്പ്യനായിട്ടുള്ള മേരി കോം ഒളിമ്പിക്സ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെങ്കിലും എത്തിയിരുന്നെങ്കിലും ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കാനാവുമായിരുന്നുള്ളു.

നിരവധി രാജ്യങ്ങള്‍ അവരുടെ രാജ്യത്തെ താരങ്ങള്‍ക്കായി ഇത്തരത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കായി അപേക്ഷ നല്‍കുമെന്നതിനാല്‍ രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ(AIBA) നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. ഒളിമ്പിക്സിലെ വനിതാ വിഭാഗം ബോക്സിംഗിലെ 51, 60, 75 കിലോ ഗ്രാം വിഭാഗങ്ങളില്‍ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി മാത്രമാണ് രാജ്യാന്തര ബോക്സിംഗ് ഫെഡറേഷന്‍ അനുവദിക്കുക. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്കായി മേരി കോം വെങ്കല മെഡല്‍ നേടിയിരുന്നു. പുരുഷന്‍മാരുടെ 56 കിലോ ഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പ മാത്രമാണ് ഇതുവരെ ബോക്സിംഗില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ ഏക ഇന്ത്യന്‍ താരം.

 

click me!