നാടകീയം ഈ ജയം

By Web DeskFirst Published Dec 20, 2016, 11:50 AM IST
Highlights

ചെന്നൈ: ബൗളര്‍മാര്‍ക്ക് അധിക ആനുകൂല്യമൊന്നും നല്‍കാതിരുന്ന ചെപ്പോക്കിലെ പിച്ചില്‍ അവസാന ദിനം 10 വിക്കറ്റ് കയ്യിലിരിക്കെ സമനില എന്നത് ഇംഗ്ലണ്ടിന് അപ്രാപ്യമല്ലായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെടുത്തിരുന്ന ഇംഗ്ലണ്ട് ഒരു സമനിലയോടെ നാണക്കേട് ഒഴിവാക്കുമെന്ന് കരുതിയ നിമിഷങ്ങള്‍. ലഞ്ചിനുശേഷം 100 കടന്ന ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ കുക്കിനെ നഷ്ടമായത് 103 റണ്‍സില്‍. ഇത്തവണയും ജഡേജ തന്നെയായിരുന്നു കുക്കിന്റെ അന്തകന്‍. ടീം സ്കോര്‍ 110ല്‍ നില്‍ക്കെ ജെന്നിംഗ്സിനെയും മടക്കി ജഡേജ ഇന്ത്യക്ക് ചെറുപ്രതീക്ഷ നല്‍കിയെങ്കിലും ജോ റൂട്ടും ബെര്‍ സ്റ്റോയും സ്റ്റോക്സുമെല്ലാം വരാനിരിക്കുന്നതിനാല്‍ ഇന്ത്യയുടെ കടുത്ത ആരാധകര്‍പോലും വിജയം പ്രതീക്ഷിച്ചിരുന്നില്ല.

126ല്‍ റൂട്ടും 129ല്‍ ബെയര്‍സ്റ്റോയും വീണപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയായി. ബെയര്‍സ്റ്റോയുടെ വിക്കറ്റെടുത്തത് ഇഷാന്ത് ശര്‍മയാണെങ്കിലും അതിന് പൂര്‍ണ അവകാശി ജഡേജ മാത്രമായിരുന്നുവെന്ന് പറയേണ്ടിവരും. പുറകിലോട്ടോടി ജഡേജ എടുത്ത ക്യാച്ചാണ് അപകടകാരിയായ ബെയര്‍സ്റ്റോയെ നിലയുറപ്പിക്കും മുമ്പെ മടക്കിയത്. ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി മോയിന്‍ അലി നിലയുറപ്പിച്ചതോടെ ഇന്ത്യ വീണ്ടും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്ന് ആരാധകര്‍ കരുതി. കരുണിന് ട്രിപ്പിള്‍ തികയ്ക്കാനായി ഇന്നിംഗ്സ് നീട്ടിക്കൊണ്ടുപോവാനുള്ള വിരാട് കൊഹ‌്‌ലിയുടെ തീരുമാനത്തെപ്പോലും അവര്‍ സംശയിച്ചു.

വ്യക്തിഗതനേട്ടത്തേക്കാള്‍ ടീമിന്റെ നേട്ടത്തിനായിരുന്നു കൊഹ്‌ലി മുന്‍ഗണന നല്‍കേണ്ടിയിരുന്നതെന്നുപോലും ആരാധകരും ഒരുനിമിഷം ചിന്തിച്ചു. 167/4 എന്ന സ്കോറില്‍ ചായക്കു പിരിഞ്ഞ ഇംഗ്ലണ്ടിന് പക്ഷെ അലിയുടെ ആവേശം അശ്വിന്റെ കൈകളിലവസാനിച്ചതോടെ നെഞ്ചിടിപ്പ് കൂടി. ഇത്തവണയും ജഡേജ തന്നെയായിരുന്നു വഴിത്തിരിവൊരുക്കിയത്. അലി വീണതിന് പിന്നാലെ സ്റ്റോക്സും ഡോസണും റഷീദും കൂടി മടങ്ങിയതോടെ 192/4ല്‍ നിന്ന് 200/8ലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

വാലറ്റക്കാരനാണെങ്കിലും ഭേദപ്പെട്ട ബാറ്റിംഗ് റെക്കോര്‍ഡുള്ള സ്റ്റുവര്‍ട്ട് ബ്രോഡും അപകടകാരിയായ ജോസ് ബട്‌ലറും അപ്പോഴും ക്രീസിലുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് ഒരു സമനിലയെങ്കിലും സമ്മാനിക്കുമെന്ന ഇംഗ്ലീഷ് പ്രതീക്ഷകള്‍ തകര്‍ത്തതും ജഡേജ തന്നെയായിരുന്നു. ബട്‌ലറെ മറുവശത്ത് കാഴ്ചക്കാരനാക്കി ഒരോവറില്‍ ബ്രോഡിനെയും ബോളിനെയും മടക്കി ജഡേജ ഇന്ത്യക്ക് സമ്മാനിച്ചത് അവിശ്വസനീയ വിജയമായിരുന്നു. ജഡേജയുടെ പന്തില്‍ ബോളിനെ ഒറ്റക്കൈയില്‍ പിടികൂടി കരുണ്‍ നായര്‍ ചരിത്ര വിജയത്തില്‍ കൈയൊപ്പ് ചാര്‍ത്തി. അവസാന ആറു വിക്കറ്റുകള്‍ കേവലം 15 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

click me!