നാഗ്പൂര്‍ ടെസ്റ്റ്; ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ; ലങ്ക 205ന് പുറത്ത്

By Web DeskFirst Published Nov 24, 2017, 4:12 PM IST
Highlights

നാഗ്പൂര്‍: വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ സ്പിന്‍ ചുഴിയില്‍ കറങ്ങിവീണ് ശ്രീലങ്ക. ഇന്ത്യക്കെതിരായ രണ്ടം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക 205 റണ്‍സെടുക്കുന്നതിനിടയില്‍ പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തിട്ടുണ്ട്. എഴ് റണ്‍സെടുത്ത ലോകേഷ് രാഹുലിനെ ലഹിരു ഗാമേജ് പുറത്താക്കി.

ഇന്ത്യക്കായി പേസര്‍ ഇശാന്ത് ശര്‍മ്മ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ നാലും ജഡേജ മൂന്നും വിക്കറ്റുകള്‍ നേടി. 57 റണ്‍സെടുത്ത നായകന്‍ ദിനേശ് ചന്ദിമലാണ് ശ്രീലങ്കയുടെ ടോപ് സ്കോര്‍. ഓപ്പണര്‍ ദിമുത് കരുണരത്നെ(51) അര്‍ദ്ധ സെഞ്ചുറി നേടി. ഓപ്പണര്‍മാരെ പേസര്‍ ഇശാന്ത് ശര്‍മ്മ മടക്കിയപ്പോള്‍ മധ്യനിരയും വാലറ്റവും അശ്വിന്‍- ജഡേജ സ്പിന്‍ ദ്വയത്തിന് മുന്നില്‍ അടിയറവു പറഞ്ഞു. 

20 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ സമരവിക്രമയെ മടക്കി ഇശാന്ത് ശര്‍മ്മ ലങ്കക്ക് ആദ്യ പ്രഹരമേല്‍പിച്ചു. പിന്നാലെയെത്തിയ ലഹിരു തിരിമനയെ അശ്വിന്‍ പുറത്താക്കി. എന്നാല്‍ അര്‍ദ്ധ സെ‍ഞ്ചുറിയുമായി ദിമുത് കരുണരത്നെ ഒരറ്റത്ത് ചെരുത്തുനിന്നു. ലങ്കന്‍ പ്രതീക്ഷയായ ഓള്‍ റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസിനും നിരോഷന്‍ ഡിക്ക്‌വെല്ലക്കും കാര്യമായൊന്നും ചെയ്യാനായില്ല. 

കരുണരത്നെ പുറത്തായ ശേഷം ചന്ദിമല്‍ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും മധ്യനിരയും വാലറ്റം അശ്വിന്‍- ജഡേജ സഖ്യത്തിന് മുന്നില്‍ മുട്ടുമടക്കി. 160 റണ്‍സെടുക്കുന്നിതിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓള്‍ ഔട്ടായി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കും തുടക്കം പിഴച്ചു. രണ്ട് റണ്‍സ് വീതമെടുത്ത് മുരളി വിജയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

click me!