കഴിഞ്ഞ മാസം സിംബാബ്‌വെയിലും നമീബിയയിലുമായി നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് വൈഭവ്.

മുംബൈ: ഇന്ത്യൻ സീനിയര്‍ ടീം ലക്ഷ്യം വെച്ച് ജീവിതശൈലിയിലും ഭക്ഷണകാര്യത്തിലും വലിയ മാറ്റം വരുത്താൻ കൗമാര വിസ്മയം വൈഭവ് സൂര്യവൻഷി. ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിനൊപ്പം പരിശീലനത്തിലുള്ള വൈഭവ് നോൺ-വെജ് ഭക്ഷണങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു.

കഴിഞ്ഞ മാസം സിംബാബ്‌വെയിലും നമീബിയയിലുമായി നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് 14കാരനായ വൈഭവ്. എന്നാൽ വൈഭവിന്‍റെ ലക്ഷ്യം അവിടെ അവസാനിക്കുന്നില്ല. ഇന്ത്യയുടെ സീനിയർ ടീമിൽ ഇടംനേടാനും 2028-ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാനുമുള്ള തയ്യാറെടുപ്പിലാണ് വൈഭവ്. ഇതിനായി കായികക്ഷമത വർധിപ്പിക്കാനും ശരീരഭാരം കുറക്കാനുമാണ് താരം പൂര്‍ണമായും വെജിറ്റേറിയനായി മാറ്റിയത്.

ചിക്കനും മട്ടനും പൂർണ്ണമായും ഒഴിവാക്കിയുള്ളതാണ് വൈഭവിന്‍റെ പുതിയ ഡയറ്റ് പ്ലാന്‍. ചിക്കനും മട്ടനും ഉപേക്ഷിച്ച് പയർ വർഗ്ഗങ്ങൾ, പനീർ, പച്ചക്കറികൾ എന്നിവയാണ് പ്രോട്ടീനായി വൈഭവ് പുതുതായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ഇത്തവണ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതേണ്ടിയിരുന്നതാണെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്‍റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടതിനാല്‍ താരം പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ചിരുന്നു.

ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് വൈഭവിന്‍റെ പിതാവ് സഞ്ജീവ് സൂര്യവംശി മിഡ് ഡേ പത്രത്തോട് പറഞ്ഞു. അടുത്ത വർഷം പരീക്ഷ എഴുതാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഐപിഎൽ കഴിയുന്നതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനുള്ള ഐസിസിയുടെ കുറഞ്ഞ പ്രായപരിധിയായ 15 വയസ്സ് വൈഭവിന് തികയും. അതിനുശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവ് എത്തുമെന്ന് കോച്ച് മനീഷ് ഓജ പ്രത്യാശ പ്രകടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക