ആദ്യ ടി20: കീവീസ് എറിഞ്ഞിട്ടു; ഇന്ത്യക്ക് നാണംകെട്ട തോല്‍വി

By Web TeamFirst Published Feb 6, 2019, 4:00 PM IST
Highlights

കീവീസിന്റെ കൂറ്റന്‍ വിജലക്ഷ്യം മറികടക്കാന്‍ മിന്നുന്ന തുടക്കം വേണ്ടിയിരുന്ന ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(1) നഷ്ടമായി. പിന്നീട് ധീശര്‍ ധവാനും(18 പന്തില്‍ 29) വിജയ് ശങ്കറും(18 പന്തില്‍ 27) ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ധവാനെ ഫെര്‍ഗൂസനും ശങ്കറെ സാന്റനറും മടക്കിയതോടെ ഇന്ത്യ കൂട്ട തകര്‍ച്ചയിലായി.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ  ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 80 റണ്‍സിന്റെ കനത്ത തോല്‍വി. 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായി. 39 റണ്‍സെടുത്ത എംഎസ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ കീവീസ് 1-0ന് മുന്നിലെത്തി.'ടി20യില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 2010ല്‍ ബ്രിഡ്ജ്ടൗണില്‍ ഓസ്ട്രേലിയയോട് 49 റണ്‍സിന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കനത്ത തോല്‍വി.

കീവീസിന്റെ കൂറ്റന്‍ വിജലക്ഷ്യം മറികടക്കാന്‍ മിന്നുന്ന തുടക്കം വേണ്ടിയിരുന്ന ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(1) നഷ്ടമായി. പിന്നീട് ധീശര്‍ ധവാനും(18 പന്തില്‍ 29) വിജയ് ശങ്കറും(18 പന്തില്‍ 27) ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ധവാനെ ഫെര്‍ഗൂസനും ശങ്കറെ സാന്റനറും മടക്കിയതോടെ ഇന്ത്യ കൂട്ട തകര്‍ച്ചയിലായി. ഋഷഭ് പന്ത്(10 പന്തില്‍ 4) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്ക്(5), ഹര്‍ദ്ദിക് പാണ്ഡ്യ(4), ക്രുനാല്‍ പാണ്ഡ്യ(20) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. കീവീസിനായി സൗത്തി മൂന്നും ഫെര്‍ഗൂസന്‍, സാന്റനര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ സീഫര്‍ട്ടിന്‍റെ വെടിക്കെട്ട് ബാറ്റിംഗില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിരുന്നു. കോളിന്‍ മണ്‍റോയും ടിം സിഫര്‍ട്ടും കിവീസിന് മികച്ച തുടക്കം നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മണ്‍റോ 20 പന്തില്‍ 34 റണ്‍സെടുത്തു. പിന്നെകണ്ടത് സീഫര്‍ട്ടിന്‍റെ അടിപൂരം. 43 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്‌സും സഹിതം 84 റണ്‍സെടുത്തു സിഫര്‍ട്ട്.

വില്യംസണ്‍ 24 പന്തില്‍ 34, ടെയ്‌ലര്‍ 14 പന്തില്‍ 23 എന്നിങ്ങനെ പിന്നാലെ വന്നവരും അവസരം മുതലാക്കി‍. ഏഴ് പന്തില്‍ 20 റണ്‍സുമായി സ്‌കോട്ട് അവസാന ഓവറുകളില്‍ അഞ്ഞടിച്ചതോടെ ന്യൂസീലന്‍ഡ് 200 കടന്നു. സ്കോട്ടിനൊപ്പം സാന്‍റ്‌നര്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹര്‍ദിക് രണ്ടും ഭുവിയും ഖലീലും ക്രുണാലും ചാഹലും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. ചാഹലും ക്രുണാലും മാത്രമാണ് 10ല്‍താഴെ ശരാശരിയില്‍ പന്തെറിഞ്ഞത്. 

click me!