
മുംബൈ: ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് നാലാം ഏകദിനത്തിന്റെ വേദി മുംബൈയില്‍ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി ബോംബെ ഹൈക്കോടതി ജസ്റ്റിസ് വിഎന്‍ ഖാണ്ഡെ, ഹേമന്ദ് ഗോഖലെ എന്നിവരെ അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിച്ചിരുന്നു. എന്നാല്‍ ഇവരുടെ കാലാവധി സെപ്റ്റംബര്‍ 15ന് അവസാനിച്ചു. തുടര്‍ന്ന് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.
ഇതോടെ അസോസിയേഷന്റെ നിത്യചെലവുകള്‍ക്കുള്ള ബില്ലുകള്‍ പോലും ഒപ്പിടാനോ പാസാക്കാനോ അധികാരപ്പെട്ടവരാരും ഇല്ലാത്ത സാഹചര്യമാണ്. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്ന മുംബൈ ടീമിന്റെ ഹോട്ടല്‍ ബില്ല് പോലും അടക്കാനാവാത്ത സാഹചര്യവും അടുത്തിടെ ഉണ്ടായി. ഒക്ടോബര്‍ 29ന് നടക്കേണ്ട ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് സ്പോണ്‍സര്‍മാരുമായി കരാറുറപ്പിക്കാനും മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ സഹാചര്യത്തില്‍ മത്സരം നടത്താനാവില്ലെന്ന് വ്യക്തമാക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയെ കാണും. പണമിടപാട് നടത്താനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും ഈ സാഹചര്യത്തില്‍ മത്സരം നടത്തുക ബുദ്ധിമുട്ടാണെന്നുമാണ് അസോസിയേഷന്റെ നിലപാട്. കോംപ്ലിമെന്ററി പാസ് വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിനോദ് റായിയിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ ഭരണസമിതി അനുകൂല നിലപാട് എടുത്തതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!