
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡുമായുള്ള വനിതകളുടെ ആദ്യ ടി ട്വന്‍റി പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. കിവികള്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു ഘട്ടത്തില്‍ അനായാസം എത്തുമെന്ന പ്രതീതി ഉയര്‍ന്നെങ്കിലും ലിയ തഹുഹു ആഞ്ഞടിച്ചതോടെയാണ് കളി മാറി മറിഞ്ഞത്. 23 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യന്‍ പെണ്‍പട ഏറ്റുവാങ്ങിയത്. ലിയ തഹുഹു മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് കളിയില്‍ വഴിത്തിരിവായത്.
ഏകദിന പരമ്പരയിലെ മിന്നുന്ന ഫോം ടി ട്വന്‍റിയിലും തുടര്‍ന്ന സ്മൃതി മന്ദാന സ്വപ്ന സമാനമായ തുടക്കമാണ് നല്‍കിയത്. കിവി ബൗളര്‍മാരെ നിലം തൊടീക്കാതെ മുന്നേറിയ സ്മൃതി ഏറ്റവും വേഗതയാര്‍ന്ന ഇന്ത്യന്‍ താരത്തിന്‍റെ അര്‍ധ ശതകമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷമാണ് പുറത്തായത്. 34 പന്തില്‍ 58 റണ്‍സെടുത്ത മന്ദാന ഏഴ് സിസ്കറുകളും മൂന്ന് ബൗണ്ടറിയും പറത്തിയിരുന്നു.
11.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 102 ല്‍ നില്‍ക്കെയാണ് 58 റണ്‍സ് നേടിയ സ്മൃതി പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ മധ്യനിര തകര്‍ന്നടിഞ്ഞു. 39 റണ്‍സ് നേടി മികച്ച രീതിയില്‍ ബാറ്റുവീശിയിരുന്ന ജമീമ കൂടി പുറത്തായത് ഇന്ത്യക്ക് ഇരുട്ടടിയായി. ക്യാപ്ടന്‍ ഹര്‍മന്‍ പ്രീത് പ്രതീക്ഷയുണര്‍ത്തിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. ഇന്ത്യന്‍ പോരാട്ടം 136 ല്‍ അവസാനിച്ചു.
നേരത്തെ ടോസ് നേടി ബൗളിംഗ് തുടങ്ങിയ ഇന്ത്യ, കിവികളെ ആദ്യം വട്ടം കറക്കിയെങ്കിലും പത്തോവറിന് ശേഷം കളിയുടെ നിയന്ത്രണം നഷ്ടമായി. എട്ട് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അമ്പത് എന്ന നിലയില്‍ നിന്ന് ന്യൂസിലന്‍ഡ് 159 എന്ന നിലയിലേക്ക് സ്കോര്‍ ഉയര്‍ത്തി.
62 റണ്‍സ് നേടിയ ഓപ്പണര്‍ സോഫി ദേവിനാണ് കിവികളുടെ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയത്. മധ്യനിരയില്‍ കാറ്റി മാര്‍ട്ടിനും എമി സറ്റെര്‍വൈറ്റും റണ്‍സ് കണ്ടെത്തിയതും ഇന്ത്യക്ക് വെല്ലുവിളിയായി. അവസാന ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചതുമില്ല. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!