'ജഡേജയ്ക്ക് പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല'; ലോര്‍ഡ്‌സിലെ ഇന്നിംഗ്‌സിനെ കുറിച്ച് ശുഭ്മാന്‍ ഗില്‍

Published : Jul 15, 2025, 04:11 PM IST
Ravindra Jadeja

Synopsis

ലോര്‍ഡ്‌സില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും രവീന്ദ്ര ജഡേജയുടെ പ്രകടനത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പ്രശംസിച്ചു. 

ലണ്ടന്‍: ഇന്ത്യക്കെതിരെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ 22 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 181 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യവും മറികടന്നാണ് ഇംഗ്ലണ്ട് ജയം നേടിയത്. അവസാന ദിനം 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 387 & 192, ഇന്ത്യ 387 & 170. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. നാലാം ടെസ്റ്റ് ഈ മാസം 23ന് മാഞ്ച്സ്റ്ററില്‍ ആരംഭിക്കും.

മത്സരത്തിന് പിന്നാലെ രവീന്ദ്ര ജഡേജയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ടീം പൊരുതി കളിച്ചതില്‍ അഭിമാനമുണ്ടെന്നും ഗില്‍ പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''അഞ്ചാം ദിനം, അവസാന സെഷനില്‍ ഒടുവിലത്തെ വിക്കറ്റ് വീഴും വരെ ഇന്ത്യ പോരാടി. ഈ പോരാട്ടത്തില്‍ അഭിമാനമുണ്ട്. ടീം ജയിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ടീം നന്നായി പന്തെറിഞ്ഞു. ടോപ് ഓഡറില്‍ ഒരു 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാവണമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് ഉണ്ടായില്ല. വലിയൊരു ലക്ഷ്യമായിരുന്നില്ല ഇന്ത്യന്‍ ടീമിന് മുന്നിലുണ്ടായിരുന്നത്.'' ഗില്‍ പറഞ്ഞു.

ജഡേജയെ കുറിച്ച് ഗില്‍ പറഞ്ഞതിങ്ങനെ... ''ജഡേജ അനുഭവസമ്പത്തുള്ള താരമാണ്. ജഡേജയെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. വാലറ്റക്കാര്‍ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ ജഡേജയ്ക്ക് സാധിച്ചു. മനോഹരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തത്. എത്രത്തോളം ബാറ്റ് ചെയ്യാന്‍ സാധിക്കുമോ, അത്രത്തോളം ചെയ്യുക എന്നത് മാത്രമെ ഞാന്‍ ആഗ്രഹിച്ചൊള്ളൂ.'' ഗില്‍ വ്യക്തമാക്കി.

നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്നലെ തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. റിഷഭ് പന്താണ് (9) ആദ്യം മടങ്ങിയത്. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തലേ ദിവസം ക്രീസിലുണ്ടായിരുന്ന കെ എല്‍ രാഹുലിനും (39) ഇന്ന് അധികനേരം തുടരാന്‍ സാധിച്ചില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ (0), നിതീഷ് കുമാര്‍ റെഡ്ഡി (13) എന്നിവരും നിരാശപ്പെടുത്തി. പിന്നാലെ ക്രീസിലെത്തിയ ജസ്പ്രിത് ബുമ്ര (5) 22 ഓവര്‍ ജഡേജയ്ക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നു. 54 പന്തുകള്‍ ബുമ്ര നേരിട്ടു. ഇരുവരും ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ട് പതറുകയും ചെയ്തു.

എന്നാല്‍ സ്റ്റോക്സ് ബ്രേക്ക് ത്രൂ നല്‍കി. സ്റ്റോക്സിന്റെ ബൗണ്‍സറില്‍ അനാവശ്യ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് ബുമ്ര മടങ്ങുന്നത്. പകരക്കാരനായ സാം കുക്കിന് ക്യാച്ച് നല്‍കി താരം. അവസാനക്കാരന്‍ മുഹമ്മദ് സിറാജും (4) ജഡേജയ്ക്ക് വലിയ പിന്തുണ നല്‍കി. 13 ഓവറുകളോളം ഇരുവരും ക്രീസില്‍ ചെലവഴിച്ചു. 23 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിറാജ് പുറത്തായി. ഷൊയ്ബ് ബഷീറിന്റെ പന്ത് സിറാജ് പ്രതിരോധിച്ചെങ്കിലും ഉരുണ്ട് ഉരുണ്ട് വന്ന് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ജഡേജയ്ക്ക് കണ്ടുകൊണ്ടിരിക്കാന്‍ മാത്രമാണ് സാധിച്ചത്. ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്
സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്