'അറിഞ്ഞില്ല, ചോദിച്ചില്ല'; ഹോക്കി ടീമിന്റെ ജേഴ്സി നിറം കാവിയാക്കി മാറ്റിയതില്‍ പ്രതികരണവുമായി താരങ്ങള്‍

Published : Jul 31, 2026, 05:49 PM IST
Indian Hockey Team Saffron Jersey

Synopsis

ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി പരമ്പരാഗത നീലയിൽ നിന്ന് കാവി നിറത്തിലേക്ക് മാറ്റിയതിൽ വിവാദം. തങ്ങളുമായി കൂടിയാലോചിക്കാതെയാണ് ഈ മാറ്റമെന്ന് താരങ്ങൾ പറയുമ്പോൾ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം.

മുംബൈ: പരമ്പരാഗത നീല നിറത്തിലുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവി നിറത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ജേഴ്സി മാറ്റുന്നതിന് മുന്‍പ് തങ്ങളുമായി യാതൊരുവിധ കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ വ്യക്തമാക്കി. പുരുഷ-വനിതാ ടീമുകളിലെ അഞ്ച് അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ ആരും ഈ കൂടിയാലോചന പ്രക്രിയയുടെ ഭാഗമായിരുന്നില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത താരങ്ങള്‍ വ്യക്തമാക്കി.

'ഞങ്ങളോട് ആരും ചോദിക്കുകയോ കൂടിയാലോചിക്കുകയോ ചെയ്തിട്ടില്ല. അത് സത്യമല്ല,' ഒരു താരം തുറന്നുപറഞ്ഞു. താരങ്ങളുമായും സപ്പോര്‍ട്ട് സ്റ്റാഫുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജേഴ്സി നിറം മാറ്റാന്‍ തീരുമാനിച്ചതെന്ന ഹോക്കി ഇന്ത്യയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ഈ വെളിപ്പെടുത്തലുകള്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന ഹോക്കി ഇന്ത്യ ഭാരവാഹികളും ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. 'ജേഴ്‌സി നിറം മാറ്റിയതിനെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല, ഇത് ചര്‍ച്ച ചെയ്ത ഔദ്യോഗിക മീറ്റിംഗിലും ഞാന്‍ പങ്കെടുത്തിട്ടില്ല,' ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പറഞ്ഞു.

ഹോക്കി ഇന്ത്യയുടെ വിശദീകരണം

കളിക്കാരില്‍ നിന്നും കോച്ചുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്നാണ് ഹോക്കി ഇന്ത്യയുടെ വാദം. അന്താരാഷ്ട്ര ഹോക്കിയിലെ നീല നിറത്തിലുള്ള ടര്‍ഫുമായി ദേശീയ ടീമിന്റെ നീല ജേഴ്സി ലയിച്ചുപോകുന്നതിനാല്‍ കാഴ്ച അസ്വസ്ഥമാക്കുമെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് ഫെഡറേഷന്‍ നിറം മാറ്റിയത്. മഞ്ഞ, കാവി തുടങ്ങിയ ഇതര നിറങ്ങള്‍ കോച്ചുകളും കളിക്കാരും നിര്‍ദ്ദേശിച്ചിരുന്നുവെന്നും അതില്‍ നിന്നാണ് കാവി തിരഞ്ഞെടുത്തതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ധൈര്യം,ത്യാഗം, ദേശീയ അഭിമാനം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ദേശീയ പതാകയിലെ നിറങ്ങളിലൊന്നായാണ് കാവിയെ കാണുന്നതെന്നും ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.

2014 ലോകകപ്പില്‍ മഞ്ഞയും, 2018-ല്‍ ഇളം നീലയും ഇന്ത്യ ധരിച്ചിട്ടുണ്ടെന്നും ജേഴ്സി നിറം മാറ്റുന്നത് ഇതാദ്യമല്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കുന്നു. പുതിയ കാവി ജേഴ്സി കാണാന്‍ നല്ലതാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗും പ്രതികരിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെസിഎല്‍ മൂന്നാം സീസണ് കൗണ്ട്ഡൗണ്‍ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 20 നാള്‍
ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് ആശ്വാസം; ഫിറ്റ്നസ് വീണ്ടെടുത്ത് ജസ്പ്രീത് ബുംറ