പരിക്കില്‍ നിന്ന് മോചിതനായി ജസ്പ്രീത് ബുംറ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് നിര്‍ണായകമായ ഈ പരമ്പരയില്‍ ബുംറയുടെ സാന്നിധ്യം ഇന്ത്യക്ക് വലിയ കരുത്താകും. രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഫിറ്റ്‌നെസ് വീണ്ടെടുത്ത് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരം, ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ഫിറ്റ്നസ് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുംറ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ഏകദിനമാണ് താരത്തിന് പരിക്കേമൂലം നഷ്ടമായത്. തുടര്‍ന്ന് ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകുക എന്ന വ്യവസ്ഥയോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് ബുംറയുടെ തിരിച്ചുവരവ് വലിയ കരുത്താണ് പകരുന്നത്. ശ്രീലങ്കയ്ക്ക് തൊട്ടുമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2027-ലെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പരയിലെ വിജയങ്ങള്‍ അത്യന്താപേക്ഷിതമാണ്. നിലവില്‍ ശേഷിക്കുന്ന ഒന്‍പത് ടെസ്റ്റുകളില്‍ ഏഴെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകൂ. ശ്രീലങ്കയിലെ പരമ്പരയ്ക്ക് ശേഷം ഈ വര്‍ഷാവസാനം ന്യൂസിലന്‍ഡിലേക്ക് പോകുന്നതിനാല്‍ ലങ്കന്‍ മണ്ണില്‍ 2-0ത്തിന് പരമ്പര തൂത്തുവാരുക എന്നത് ഇന്ത്യക്ക് നിര്‍ണായകമാണ്.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്ന രവീന്ദ്ര ജുഡേജയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് പേസ് നിരയിലെ മറ്റ് താരങ്ങള്‍. ശ്രീലങ്ക എ ടീമിനെതിരെ ഗാലെയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഗുര്‍നൂര്‍ ബ്രാര്‍ ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടംനേടുന്നത്. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23-ന് കൊളംബോയില്‍ നടക്കും. 2017-ല്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ 3-0ത്തിന് പരമ്പര തൂത്തുവാരിയ ഓര്‍മകളാണ് ഇന്ത്യക്കുള്ളത്.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, യശസ്വി ജൈസ്വാള്‍, റിഷഭ് പന്ത്, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സരന്‍ഷ് ജെയ്ന്‍.

YouTube video player