ബൗളര്‍മാര്‍ക്ക് ഐപിഎല്ലില്‍ വിശ്രമം; കോലിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് രോഹിത് ശര്‍മ

Published : Nov 09, 2018, 12:46 PM IST
ബൗളര്‍മാര്‍ക്ക് ഐപിഎല്ലില്‍ വിശ്രമം; കോലിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് രോഹിത് ശര്‍മ

Synopsis

ഏകദിന ലോകകപ്പ് കണക്കിലെടുത്ത് അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

മുംബൈ: ഏകദിന ലോകകപ്പ് കണക്കിലെടുത്ത് അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കണിക്കിലെടുത്താണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാരെ ഒഴിവാക്കണമെന്ന നിര്‍ദേശം ഇടക്കാല ഭരണ സമിതി വിളിച്ചുചേർത്ത റിവ്യൂ യോഗത്തില്‍ കോലി മുന്നോട്ടുവെച്ചത്.

ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബൂമ്രക്കും ഭുവനേശ്വര്‍ കുമാറിനും പൂര്‍ണ വിശ്രമം അനുവദിക്കണമെന്നായിരുന്നു കോലിയുടെ പ്രധാന ആവശ്യം. കോലി മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയോടും ഇടക്കാല ഭരണസിമിതി തലവന്‍ വിനോദ് റായ് അഭിപ്രായം ആരാഞ്ഞിരുന്നു.

എന്നാല്‍ മുംബൈ ഐപിഎല്‍ പ്ലേ ഓഫിലെത്തിയാല്‍ ബൂമ്രയെ കളിപ്പിക്കാതിരിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു മുംബൈ നായകന്‍ കൂടിയായ രോഹിത്തിന്റെ അഭിപ്രായം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലോ ഫൈനലിലോ എത്തുകയും ബൂമ്ര പൂര്‍ണ കായികക്ഷമതയോടെ കളിക്കുകയുമാണെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ തനിക്കാവില്ലെന്ന് രോഹിത് വ്യക്തമാക്കി.

ഫ്രാഞ്ചൈസികളില്‍ നിന്നും കോലിയുടെ നിര്‍ദേശത്തിന് അനുകൂല പ്രതികരണമല്ല ലഭിച്ചത്. ഇടക്കാല ഭരണസമിതി അംഗങ്ങൾക്കു പുറമെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവരും യോഗത്തിനുണ്ടായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്