ചരിത്ര ഗോള്‍; 23-ാം സെക്കന്‍റില്‍ വലകുലുക്കി ജംഷഡ്പൂര്‍

By Web DeskFirst Published Jan 17, 2018, 7:56 PM IST
Highlights

ജംഷഡ്പൂര്‍: മൂന്നാം എവേ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യ മിനുറ്റില്‍ ഞെട്ടിച്ച് കോപ്പലാശാന്‍റെ ജെംഷഡ്പൂര്‍ എഫ്സി. കിക്കോഫ് കഴിഞ്ഞ് 23-ാം സെക്കന്‍റില്‍ ജെംഷഡ്പൂരിനായി ജെറി ഐഎസ്എല്ലിലെ വേഗമേറിയ ഗോള്‍ നേടി. പ്രതിരോധിച്ച് കളിക്കുന്ന ജെംഷഡ്പൂര്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ച് കളിക്കുന്ന കാഴ്ച്ചയാണ് മത്സരത്തിന്‍റെ തുടക്കത്തില്‍ കാണുന്നത്.

മലയാളി താരം സി.കെ വിനീതിനെ ഉള്‍പ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. പരിക്കു മൂലം നാല് മത്സരങ്ങള്‍ പുറത്തിരുന്ന ശേഷമാണ് വിനീത് ആദ്യ ഇലവനില്‍ തിരിച്ചെത്തിയത്. ഗോള്‍കീപ്പറായി പോള്‍ റെച്ച്ബൂക്ക മടങ്ങിയെത്തിയപ്പോള്‍ ഇയാന്‍ ഹ്യൂമിനെയും കെസിറോണ്‍ കിസിറ്റോയും കറേജ് പെക്കൂസണെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

അതേസമയം ജെഷംഡ്പൂര്‍ നിരയില്‍ മലയാളി താരം അനസ് എടത്തൊടിക പകരക്കാരുടെ നിരയിലാണ്. ബ്രസീലില്‍ നിന്ന് പുതുതായി ടീമിനൊപ്പം ചേര്‍ന്ന വെല്ലിംഗ്ടണ്‍ പ്രയറി ജംഷഡ്പൂരിന്‍റെ ആദ്യ ഇലവനിലുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റനിരയും ജംഷഡ്പൂരിന്‍റെ പ്രതിരോധനിരയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തേത്. 10 കളിയില്‍ 14 പോയിന്‍റുമായി നിലവില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം. 

10 പോയിന്‍റുള്ള ജംഷഡ്പൂര്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഇരുടീമുകളും കൊച്ചിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഡേവിഡ് ജയിംസ് പരിശീലകനായശേഷം മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റ് നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവന്‍

പോള്‍ റെച്ച്ബൂക്ക, വെസ് ബ്രൗണ്‍, കരണ്‍ സവ്‌നി, ഇയാന്‍ ഹ്യൂം, മിലന്‍ സിംങ്, സി.കെ വിനീത്, കെസിറോണ്‍ കിസിറ്റോ, സന്ദേശ് ജിംങ്കാന്‍, സാമുവല്‍ ഷദാബ്, ലാല്‍റുത്താര, കറേജ് പെക്കൂസണ്‍

click me!