ഷൂട്ടിംഗ് ലോകകപ്പ്: 16 വര്‍ഷത്തിനുശേഷം വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണം

By Web TeamFirst Published Feb 23, 2019, 9:31 PM IST
Highlights

അപുര്‍വിയുടെ തുടക്കം അത്ര കേമമായിരുന്നില്ല. ആദ്യ ഷോട്ടില്‍ 10.1 സ്കോര്‍ നേടിയ അപുര്‍വി അഞ്ച് ഷോട്ടുകള്‍ വീതമുള്ള ആദ്യ രണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴാം സ്ഥാനത്തായിരുന്നു.

ദില്ലി: ഷൂട്ടിംഗ് ലോകകപ്പില്‍ വനിതാ വിഭാഗം 10 മീറ്ററര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അപുര്‍വി ചണ്ഡേലക്ക് സ്വര്‍ണം. വാശിയേറിയ ഫൈനല്‍ റൗണ്ടില്‍ 252.9 പോയന്റു നേടിയാണ് അപുര്‍വി സ്വര്‍ണമണിഞ്ഞത്. ഷൂട്ടിംഗ് ലോകകപ്പില്‍ 16 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ വനിത സ്വര്‍ണ നേട്ടം കൈവരിക്കുന്നത്.

അപുര്‍വിയുടെ തുടക്കം അത്ര കേമമായിരുന്നില്ല. ആദ്യ ഷോട്ടില്‍ 10.1 സ്കോര്‍ നേടിയ അപുര്‍വി അഞ്ച് ഷോട്ടുകള്‍ വീതമുള്ള ആദ്യ രണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴാം സ്ഥാനത്തായിരുന്നു. എന്നാല്‍ പതിയെ മത്സരത്തിലെക്ക് തിരിച്ചുവന്ന അപുര്‍വി ഫൈനല്‍ റൗണ്ടില്‍ ചൈനയുടെ സഹോ റൗസോയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സ്വര്‍ണനേട്ടത്തിലെത്തിയത്.

യോഗ്യതാ റൗണ്ടില്‍ 634 പോയന്റ് നേടി ലോക റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്ത റൗസോയെ അവസാന രണ്ട് ഷോട്ടുകളില്‍ യഥാക്രമം 10.6, 10.8 പോയന്റുകള്‍ സ്വന്തമാക്കായിണ് അപുര്‍വി മറികടന്നത്. റൗസോ വെള്ളി നേടിയപ്പോള്‍ ചൈനയുടെ തന്നെ സു ഹോംഗ് വെങ്കലം നേടി. കഴിഞ്ഞ വര്‍ഷം നടന്ന മ്യൂണിക് ലോകകപ്പില്‍ അവസാന റൗണ്ട് വരെ മുന്നിട്ട് നിന്ന അപുര്‍വി അവസാന റൗണ്ടില്‍ നാലാം സ്ഥാനത്തേക്ക് വീണിരുന്നു. അന്നത്തെ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി അപുര്‍വിയുടെ വിജയം.

click me!