
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം ഹോം മത്സരം. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്ക് ഡൽഹി ഡൈനമോസാണ് എതിരാളികൾ. അടവുകളും ചുവടുകളും മാറ്റി കേരള ബ്ലാസ്റ്റേഴ്സ്. ഡൽഹി ഡൈനമോസിനെതിരെ ലക്ഷ്യമിടുന്നത് സ്വന്തം കാണികൾക്ക് മുന്നിൽ സീസണിലെ ആദ്യജയം. കൊൽക്കത്തയെ തോൽപിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ അവസാന നിമിഷം സമനില വഴങ്ങി.
രണ്ടാഴ്ചത്തെ വിശ്രമത്തിലൂടെ പിഴവുകളെല്ലാം പരിഹരിച്ചുവെന്ന് കോച്ച് ഡേവിഡ് ജയിംസ്. അനസ് എടത്തൊടികയുടെ വിലക്ക് മാറാത്തതിനാൽ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. സഹൽ ആദ്യ ഇലവനിലെത്തുമ്പോൾ വിനീത് പകരക്കാരനാവും. മുന്നേറ്റത്തിൽ പോപ്ലാറ്റ്നിക്, സ്റ്റൊയാനോവിച്ച് കൂട്ടുകെട്ടിന്റെ പ്രകടനമാവും നിർണായകമാവുക.
ആദ്യ ജയം ലക്ഷ്യമിടുന്ന ഡൈനമോസ് പൂനെ സിറ്റിയെ സമനിലയിൽ തളച്ചാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. പരുക്കും മുന്നേറ്റനിരയുടെ മൂർച്ചക്കുറവുമാണ് ഡൈനമോസിന്‍റെ പ്രതിസന്ധി. നേർക്കുനേർ കണക്കുകളിൽ മുന്നിൽ ബ്ലാസ്റ്റേഴ്സ്. ഇതുവരെ ഏറ്റുമുട്ടിയ പത്ത് കളിയിൽ അഞ്ചിൽ ബ്ലാസ്റ്റേഴ്സും രണ്ടിൽ ഡൈനമോസും ജയിച്ചു. മൂന്ന് കളി സമനിലയിൽ അവസാനിച്ചു.