കിസേക്ക മോഹന്‍ ബഗാനിലേക്കെന്ന് സൂചന; സൂപ്പര്‍ കപ്പ് കഴിഞ്ഞാല്‍ ക്ലബ് വിട്ടേക്കും

By web deskFirst Published Mar 26, 2018, 9:30 AM IST
Highlights
  • ഇക്കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഗോകുലത്തിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് കിസേക്കയെ മോഹന്‍ ബഗാന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കോഴിക്കോട്: ഗോകുലം എഫ്സിയുടെ ഉഗാണ്ടന്‍ സ്ട്രൈക്കര്‍ ഹെന്‍റി കിസേക്ക മോഹന്‍ ബഗാനിലേക്കെന്ന് സൂചന. ഇക്കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഗോകുലത്തിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് കിസേക്കയെ മോഹന്‍ ബഗാന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാത്രമല്ല, സുഹൈര്‍ ഗോകുലവുമായി പുതിയ കരാര്‍ ഒപ്പിട്ടതും ഇതിനോട് കൂട്ടിവായിക്കാം. 

ഐ ലീഗിലെ ടോപ് ക്ലബുകള്‍ ഗോകുലം പരാജയപ്പെടുത്തുമ്പോള്‍ അതിലെല്ലാം തന്‍റെതായ പ്രകടനം നടത്താന്‍ കിസേക്കയ്ക്ക് കഴിഞ്ഞിരുന്നു. ടീമിനായി ഏഴ് മത്സരങ്ങള്‍ കളിച്ച കിസേക്ക നാല് ഗോളുകള്‍ നേടുകയും ചെയ്തു. അതില്‍ രണ്ടെണ്ണം മോഹന്‍ ബഗാനെതിരേയും ഒരെണ്ണം ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെതിരേയുമായിരുന്നു. ബഗാന്‍ കോച്ച് ശങ്കര്‍ ലാല്‍ ചക്രബര്‍ത്തിയുടെ ശ്രദ്ധയിലേക്ക് കിസേക്കയെ കൊണ്ടുവന്നതും ഈ പ്രകടനം തന്നെയാണ്. 

കായിക ക്ഷമതയും കരുത്തും കിസേക്കയെ വേറിട്ട് നിര്‍ത്തുന്നു. നാല് തവണ ഉഗാണ്ടന്‍ ദേശീയ ടീമില്‍ കളിച്ച കിസേക്ക രണ്ട് ഗോളും നേടി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കിസേക്ക ഗോകുലം എഫ്സിയുടെ ജേഴ്സിയിലുണ്ടാവും.

click me!