ചെന്നൈ: ഇന്ത്യന്‍ കളിക്കാരുടെ വ്യക്തിഗതമികവും ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തില്‍ നിര്‍ണായകമായി. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ കളിക്കാരാണ് മുന്നിലെത്തിയത്. റണ്‍വേട്ടക്കാരില്‍ മുമ്പന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി തന്നെ. വിശാഖപ്പട്ടണത്ത് 167 ഉം മൊഹാലിയില്‍ ഇരട്ടസെഞ്ച്വറിയും നേടിയ കൊഹ്‌ലി പരമ്പരയില്‍ 655 റണ്‍സാണ് അടിച്ചുകൂട്ടിയത്.
പുതിയതലമുറ ബാറ്റ്സ്മാന്മാരില്‍ കൊഹ്‌ലിയോട് താരതമ്യം ചെയ്യപ്പെടുന്ന ജോ റൂട്ട് ആണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയും അടക്കം 491 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം.
ബാറ്റിംഗില്‍ ആദ്യ മൂന്നിലുള്ള രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാരയാണ്.2 സെഞ്ച്വറി അടക്കം 401 റണ്‍സ് പൂജാര നേടി.
ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക് രാജ്കോട്ട് ടെസ്റ്റില്‍ സെഞ്ച്വറിയോടെ തുടങ്ങിയെങ്കിലും പിന്നീട് നിറംമങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. അവസാന നാല് ടെസ്റ്റില്‍ കുക്ക് 218 റണ്‍സ് മാത്രം നേടിയപ്പോള്‍ സമനിലയുമായി ആശ്വാസിക്കാന്‍ പോലും സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല.
ബൗളിംഗിലും ഇന്ത്യ കരുത്ത് കാട്ടി. ആദ്യ നാല് ടെസറ്റിലും ഇന്ത്യന്‍ ജയങ്ങള്‍ക്ക് വഴിയൊരുക്കിയ ആര്‍ അശ്വിന്‍ 28 വിക്കറ്റുമായി മുന്നിലെത്തിയത് പ്രതീകഷിച്ചത് തന്നെ. 3 തവണ 5 വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കി. കൃത്യതയോടെ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 26 വിക്കറ്റുമായി രണ്ടാം സ്ഥാനത്തെത്തി. കരിയറില്‍ ആദ്യമായി 10 വിക്കറ്റ് നേട്ടവും ജഡേജ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.
23 വിക്കറ്റുമായി ഇംഗ്ലീഷ് സ്‌പിന്നര്‍ ആദില്‍ റാഷിദ് പട്ടികയില്‍ മൂന്നാമനായെങ്കിലും 2012ല്‍ ഗ്രേയി സ്വാന്‍-മോണ്ടി പനേസര്‍ സഖ്യത്തിന്റെ മികവ് ആവര്‍ത്തിക്കാനായില്ല. ആദ്യ മൂന്ന് ടെസ്റ്റില്‍ 10 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് പരമ്പരയില്‍ പന്തെറിഞ്ഞ പേസര്‍മാരില്‍ ഒന്നാമന്‍.