
കെന്‍സിംഗ്ടണ്‍ ഓവല്‍: നാലാം ടെസ്റ്റിലെ തോല്‍വിക്ക് ഏറെ കുറ്റപ്പെടുത്തലുകള്‍ കേട്ട ആര്‍ അശ്വിന്റെ പരിക്കിനെച്ചൊല്ലിയും ഇന്ത്യന്‍ ടീമില്‍ പുതിയ വിവാദം. അശ്വിന്റെ പരിക്ക് വഷളായതിനാലാണ് അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതെന്ന് അവസാന ടെസ്റ്റിലെ ടോസിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞപ്പോള്‍ അശ്വിന്‍ പൂര്‍ണമായും ഫിറ്റാണെന്നായിരുന്നു വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും കോച്ച് രവി ശാസ്ത്രിയും ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രതികരിച്ചത്. ഇരുവരുടെയും പ്രസ്താവനകള്‍ തള്ളിക്കൊണ്ടാണ് കോലി അശ്വിന് പരിക്കാണെന്ന് ടോസിനുശേഷം വെളിപ്പെടുത്തിയത്.
ഇതിനിടെ നാലാം ടെസ്റ്റില്‍ തന്നെ പരിക്കുണ്ടായിരുന്ന അശ്വിന്‍ പരിക്ക് മറച്ചുവെച്ചാണ് കളിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. പരിക്കുമായി കളിച്ചതിനാലാണ് പൂര്‍ണ മികവോടെ അശ്വിന് പന്തെറിയാന്‍ കഴിയാതിരുന്നതെന്നും ഇതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചതെന്നുമാണ് വിമര്‍ശനം. പരിക്കുമൂലം അഞ്ചാം ടെസ്റ്റിന് മുമ്പ് നടന്ന പരീശീലന സെഷനിലും അശ്വിന്‍ പങ്കെടുത്തിരുന്നില്ല.
അശ്വിന് പരിക്കാണെന്നകാര്യം അഞ്ചാം ടെസ്റ്റിന് മുമ്പെ ടീം മാനേജ്മെന്റെ വ്യക്തമാക്കിയിരുന്നെങ്കില്‍ ഇപ്പോഴുയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. അതേസമയം, നാലാം ടെസ്റ്റില്‍ അശ്വിനെ കോലി ഉപയോഗിച്ച രീതിയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് താരം മൈക് ബ്രെയര്‍ലിയും രംഗത്തെത്തി. അശ്വിനെ തുടര്‍ച്ചയായി ഒരു എന്‍ഡില്‍ നിന്ന് തന്നെ കോലി ബൗള്‍ ചെയ്യിച്ചത് മോശം തന്ത്രമായിരുന്നുവെന്ന് ബ്രെയര്‍ലി പറഞ്ഞു. അശ്വിനെ കോലി കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും ബ്രെയര്‍ലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!