ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 196 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. സഞ്ജു സാംസണ്‍ (28 പന്തില്‍ 54), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 18) എന്നിവരാണ് ക്രീസില്‍. അകെയ്ല്‍ ഹൊസീന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്നാം ഓവറില്‍ ഇന്ത്യക്ക് അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. ഹൊസീന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച്. അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (10) മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. സൂര്യ-സഞ്ജു കൂട്ടുകെട്ട് ഇതുവരെ 58 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. നേരത്തെ, പതിഞ്ഞ തുടക്കമായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ് (33 പന്തില്‍ 32) - ചേസ് സഖ്യം 68 റണ്‍സ് ചേര്‍ത്തെങ്കിലും ഇന്നിംഗ്‌സിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. 53 പന്തുകള്‍ ഇരുവരും നേരിട്ടു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 27 റണ്‍സ് സ്‌കോറിംഗ് വേഗത്തിലാക്കി. എന്നാല്‍ ഒരോവറില്‍ ഹെറ്റമെയറേയും ചേസിനേയും മടക്കിയച്ച് ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഷെഫാനെ റുതര്‍ഫോര്‍ഡിനെ (14) ഹാര്‍ദിക് പാണ്ഡ്യയും മടക്കിയതോടെ നാലിന് 119 എന്ന നിലയിലായി വിന്‍ഡീസ്. തുടര്‍ന്ന് റോവ്മാന്‍ പവല്‍ (19 പന്തില്‍ 34) - ജേസണ്‍ ഹോള്‍ഡര്‍ (22 പന്തില്‍ 37) സഖ്യം പുറത്താവാതെ നേടിയ 76 റണ്‍സ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സിംബാബ്‌വെക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരു മാറ്റവുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ബ്രന്‍ഡന്‍ കിംഗിന് പകരം അകെയ്ല്‍ ഹൊസീന്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ഡ്, അകീല്‍ ഹൊസൈന്‍, ഗുഡകേഷ് മോട്ടി, ഷമാര്‍ ജോസഫ്.

YouTube video player