സ്‌പാനിഷ് ലീഗിന് ഇന്ന് കിക്കോഫ്

By Web DeskFirst Published Aug 18, 2017, 1:42 PM IST
Highlights

മാഡ്രിഡ്: ലോക ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും പന്തുതട്ടുന്ന സ്പാനിഷ് ലീഗിന്റെ പുതിയ പതിപ്പിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ലെഗാനസ് അലാവസിനെ നേരിടും. അത്‍ലറ്റികോ മാഡ്രിഡ് നാളെയും റയൽ, ബാഴ്സ ടീമുകൾ മറ്റന്നാളും കളത്തിലിറങ്ങും. ടീമുകളുടെയും താരങ്ങളുടെയും പേരിൽ മറ്റേത് ലീഗിനേക്കാളും എന്നും ഒരുപടി മുന്നിലാണ് ലാലിഗയെന്ന് വിളിപ്പേരുള്ള സ്പാനിഷ് ലീഗ്. നെയ്മര്‍ ഫ്രാൻസിലേക്ക് ചേക്കേറിയെങ്കിലും ലാലിഗയുടെ അഹങ്കാരമായി മെസ്സിയും റൊണാൾഡോയും ഗ്രീസ്മാനും സുവാരസും ഇവിടെയുണ്ട്. നെയ്മറിനേക്കാൾ വലുതാണ് ഈ ലീഗെന്ന് ലാലിഗ പ്രസിഡന്‍റ് പറഞ്ഞതും ഇതുകൊണ്ടുതന്നെ.

കിരീടപോരാട്ടത്തിൽ ഇത്തവണയും ബാഴ്സയും റയലും തന്നെയാണ് മുൻപന്തിയിൽ. യുവേഫ സൂപ്പര്‍ കപ്പും ,സ്പാനിഷ് സൂപ്പര്‍ കപ്പും നേടി റയൽ നയം വ്യക്തമാക്കി കഴിഞ്ഞു .താരങ്ങളെല്ലാം ഉഗ്രൻ ഫോമിൽ.  ആദ്യ ഇലവനിൽ നിന്ന് ആരെ ഒഴിവാക്കും എന്ന് തലപുകയ്ക്കേണ്ട ഗതികേടിലാണ് റയൽ കോച്ച് സിദാൻ. വിലക്കിനെതുടര്‍ന്ന് ആദ്യ 4 മത്സരങ്ങളിൽ റൊണാൾഡോ കളിക്കില്ല എന്നുമാത്രമാണ് പോരായ്മയായുള്ളത്.

മറുവശത്ത് ബാഴ്സയാകട്ടെ വൻ തിരിച്ചടികളുടെ നടുവിലാണ്. പലതാരങ്ങളും ഫോം വീണ്ടെടുക്കാനാകാതെ വിഷമിക്കുന്നു. നെയ്മറിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല ഇതുവരെ. പരിക്കേറ്റ സുവാരസിന് ആദ്യ നാല് മത്സരങ്ങൾ നഷ്ടമാകുമെന്നതാണ് ഒടുവിലത്തേത്.

ഗ്രീസ്മാനെ മുൻനിര്‍ത്തി കപ്പ് തിരിച്ചുപിടിക്കാനാകും അത്‍ലറ്റികോയുടെ ശ്രമം.ട്രാൻസ്ഫര്‍ വിലക്ക് തീര്‍ന്നാൽ ജനുവരിയിൽ കൂടുതൽ കരുത്തരാകും സിമിയോണിയുടെ സംഘം. നാളെ ജിറോണക്കെതിരെയാണ് അത്‍ലറ്റികോയുടെ ആദ്യമത്സരം.മറ്റനന്നാൾ ബാഴ്സ.റിയൽ ബെറ്റിസിനെ നേരിടുന്പോൾ ഡിപ്പോര്‍ട്ടീവോയാണ് നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന്റെ എതിരാളികൾ.

click me!