പണി തന്ന സിഫ്നിയോസിന് എട്ടിന്റെ പണി കൊടുത്ത് ബ്ലാസ്റ്റേഴ്സ്

By Web DeskFirst Published Feb 5, 2018, 3:12 PM IST
Highlights

കൊച്ചി: സീസണ്‍ പകുതിയായപ്പോഴേ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്‌സി ഗോവയിലേക്ക് കൂടുമാറിയ ഡച്ച് യുവതാരം മാര്‍ക് സിഫ്നിയോസിന് ബ്ലാസ്റ്റേഴ്സ് കൊടുത്തത് എട്ടിന്റെ പണി. സിഫ്നിയോസ് നിയവിരുദ്ധമായാണ് രാജ്യത്ത് തങ്ങുന്നതെന്ന് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ വിദേശ പൗരന്‍മാരുടെ രജിസ്ട്രേഷനുള്ള ഓഫീസില്‍(Foreigner Regional Registration Office (FRRO) പരാതി നല്‍കിയതിനെത്തുടര്‍ന്ന് താരം രാജ്യം വിട്ടു.

ബ്ലാസ്റ്റേഴ്സുമായി കരാറിലൊപ്പിട്ടശേഷം ഇന്ത്യയില്‍ കളിക്കാനെത്തിയ സിഫ്നിയോസിന് ഗോവയ്ക്കു വേണ്ടി കളിക്കാന്‍ കഴിയില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് പരാതിയില്‍ വ്യക്തമാക്കിയത്. സിഫ്നിയോസിന്റെ തൊഴില്‍ വിസ അനുവദിച്ചിരിക്കുന്നത് ബ്ലാസ്റ്റേഴ്സാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ രാജ്യവിടുകയോ നാടുകടത്തലിന് വിധേയനാവുകയോ ആയിരുന്നു സിഫ്നിയോസിന്റെ മുന്നിലുള്ള മാര്‍ഗം. ഇതേത്തുടര്‍ന്നാണ് സിഫ്നിയോസ് രാജ്യം വിട്ടത്.

ട്രാന്‍സ്ഫര്‍ വഴിയോ, ലോണ്‍ അടിസ്ഥാനത്തിലോ അല്ല സിഫ്നിയോസിന്റെ കൂടുമാറ്റമെന്നതിനാലാണ് താരം രാജ്യം വിട്ടതെന്ന് എഫ്‌സി ഗോവ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, പുതിയ വിസക്കായുള്ള സിഫ്നിയോസിന്റെ അപേക്ഷയില്‍ നടപടികള്‍ പുരഗമിക്കുകയാണെന്നും ഈ മാസം ഒമ്പതിന് ബംഗലൂരു എഫ് സിക്കെതിരായ മത്സരത്തിന് മുമ്പായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നും ഗോവ ടീം വക്താവ് പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സഹപരീശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീനാണ് പരിശീലകനായിരുന്നപ്പോഴാണ്  സിഫ്നിോസിനെ ബ്ലാസ്റ്റേഴ്സ് ക്യാംപിലെത്തിച്ചത്. മ്യൂലന്‍സ്റ്റീന് കീഴില്‍ തിരിച്ചടി നേരിട്ടപ്പോള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിന് പരീശീലകനാക്കിയിരുന്നു. ഇതോടെ സീസണ്‍ പാതിവഴിയില്‍ ബ്ലാസ്റ്റേഴ്സ് ക്യാംപ് വിട്ട സിഫ്നിയോസ് പിന്നീട് പൊങ്ങിയത് എഫ് സി ഗോവ ക്യാംപിലായിരുന്നു. ഐഎസ്എല്‍ മതിയാക്കി പോകുകയാണെന്ന ഉറപ്പിലാണ് ബ്ലാസ്റ്റേഴ്സ് സിഫ്നിയോസിനെ പോകാന്‍ അനുവദിച്ചത്. എന്നാല്‍ താരം നേരെ എഫ്‌സി ഗോവയില്‍ ചേര്‍ന്നത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെയും ആരാധകരെയും ഞെട്ടിച്ചിരുന്നു.

 

 

click me!