പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹമെന്ന് സാമുവല്‍സ്

By Web DeskFirst Published Mar 13, 2017, 12:03 PM IST
Highlights

ആന്റിഗ്വ:പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം മര്‍ലോണ്‍ സാമുവല്‍സ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലിന് സൈന്യമൊരുക്കിയ സുരക്ഷാക്രമീകരണങ്ങളിലെ പൂര്‍ണ്ണ തൃപ്തിയാണ് സാമുവല്‍സിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. പാക് മണ്ണിലേക്ക് അന്താരഷ്‌ട്ര ക്രിക്കറ്റ്  മടങ്ങിവരട്ടെയെന്നും സാമുവല്‍സ് ആശംസിച്ചു.

നീണ്ട ഇടവേളക്ക് ശേഷം സ്വന്തം മണ്ണിലേക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കിടെ പാകിസ്ഥാന് കിട്ടിയ സൂപ്പര്‍ ലോട്ടറിയാണ് സാമുവല്‍സിന്റെ ഈ വാക്കുകള്‍. പാക് സൂപ്പര്‍ ലീഗിന്‍റെ ഫൈനല്‍ മത്സരത്തിന് ശേഷം  മികച്ച സുരക്ഷയൊരുക്കിയതിന് സുരക്ഷാഉദ്യോഗസ്ഥരുടെ അടുത്തെത്തി സാമുവല്‍സ് നന്ദിയറിച്ചിരുന്നു.സൈനിക വേഷമണിഞ്ഞ് അവരൊരുക്കിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുള്ള  ഈ വീഡിയോ സന്ദേശം.

സാമുവല്‍സിന് നന്ദിയറിച്ച് പാക് ആര്‍മി ചീഫും രംഗത്തെത്തിയിട്ടുണ്ട്. താങ്കളുടെ നല്ലവാക്കുകള്‍ക്ക് നന്ദിയെന്നും പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്ന രാഷ്‌ട്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2009ല്‍  ലാഹോറില്‍  ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം സിംബാബ്‍വെ ഒഴികെ ഒരു ടീമും പാകിസ്ഥാനില്‍ കളിക്കാനെത്തിയിട്ടില്ല.

ഇതേ ലാഹോറില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ നടത്തിയാണ് തീവ്രവാദി ആക്രമണത്തിന്റെ ചോരക്കറ മാറ്റാന്‍ പാകിസ്ഥാന്‍ ശ്രമിച്ചത്.    ലാഹോറില്‍ കളിക്കാന്‍ കെവിന്‍ പീറ്റേഴ്‌സണടക്കമുള്ള ഇംഗ്ലീഷ് താരങ്ങള്‍ വിസമ്മതിച്ചപ്പോള്‍ ഡാരന്‍ സമിയും സാമുല്‍സ് അടക്കമുള്ള താരങ്ങളുടെ പിന്തുണയാണ് പാകിസ്ഥാന് കരുത്തായത്.

click me!