റയലിന് വീണ്ടും തിരിച്ചടി; പണി കൊടുത്തത് ചെല്‍സി

By Web TeamFirst Published Aug 7, 2018, 11:51 PM IST
Highlights

റയലില്‍ പോകാന്‍ ആഗ്രഹിക്കുന്ന കോട്ടുവ ചെല്‍സിയുടെ പരീശിലനത്തിനെത്തിയില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. എന്നാല്‍, ചെല്‍സി
ഇതിനിടെ റയലില്‍ നിന്ന് മറ്റൊരു താരത്തെ റാഞ്ചാനുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാക്കി

ലണ്ടന്‍: തുടര്‍ച്ചയായി മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്ന ക്ലബ് എന്ന ഖ്യാതി സ്വന്തമാക്കിയതിന് പിന്നാലെ ആരംഭിച്ച ശനിദശ റയല്‍ മാഡ്രിഡിനെ വിട്ടൊഴിഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്‍റസില്‍ ചേര്‍ന്നതാണ് അവരെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയത്.

റൊണാള്‍ഡോയ്ക്ക് പകരം ആരെയും ടീമിലെത്തിക്കാന്‍ ഇതുവരെ സ്പാനിഷ് വമ്പന്മാര്‍ക്ക് സാധിച്ചിട്ടില്ല. ഏദന്‍ ഹസാര്‍ഡ്, നെയ്മര്‍, എംബാപെ, കെയ്ന്‍ എന്നിങ്ങനെ ഒരുപാട് പേരുകള്‍ കേട്ടെങ്കിലും അവസാനം കെയ്നും ഹസാര്‍ഡിലുമാണ് അഭ്യൂഹങ്ങള്‍ എത്തി നില്‍ക്കുന്നത്. പക്ഷേ, കെയ്നെ വിട്ടു കൊടുക്കാന്‍ ടോട്ടനവും ഹസാര്‍ഡിനെ നല്‍കാന്‍ ചെല്‍സിയും വിമുഖത പ്രകടിപ്പിക്കുന്നതോടെ ആ നീക്കവും തുലാസിലാണ്.

ഹസാര്‍ഡിനൊപ്പം ചെല്‍സിയില്‍ നിന്ന് ബെല്‍ജിയത്തിന്‍റെ തന്നെ ഗോള്‍കീപ്പര്‍ തിബൗട്ട് കോട്ടുവയെ ടീമിലെത്തിക്കാനും റയല്‍ ആസൂത്രണം ചെയ്തിരുന്നു. റയലില്‍ പോകാന്‍ ആഗ്രഹിക്കുന്ന കോട്ടുവ ചെല്‍സിയുടെ പരീശിലനത്തിനെത്തിയില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. എന്നാല്‍, ചെല്‍സി ഇതിനിടെ റയലില്‍ നിന്ന് മറ്റൊരു താരത്തെ റാഞ്ചാനുള്ള നീക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താരധാരാളിത്തം കൊണ്ട് റയല്‍ മധ്യനിരയില്‍ അവസരം ലഭിക്കാത്ത ക്രൊയേഷ്യന്‍ താരം മറ്റിയോ കൊവാസിച്ച് ആണ് ക്ലബ് വിടാനുള്ള താത്പര്യം മാനേജ്മെന്‍റിനെ അറിയിച്ചത്. റയലില്‍ തുടരണമെങ്കില്‍ അവസരം കൂടുതല്‍ ലഭിക്കണമെന്നാണ് താരത്തിന്‍റെ ആവശ്യം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി താരം ടീമിനൊപ്പം പരിശീലനത്തിനും ഇറങ്ങിയല്ലത്രേ.

കോട്ടുവയെ നല്‍കി കൊവാസിച്ചിനെ ടീമിലെത്തിക്കാനാണ് ഇപ്പോള്‍ ചെല്‍സിയുടെ ശ്രമം. ഈ സീസണില്‍ വായ്പ അടിസ്ഥാനത്തില്‍ താരം ഇംഗ്ലീഷ് ക്ലബ്ബിന് വേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടുവയ്ക്ക് പകരം ഗോള്‍കീപ്പറായി അത്‍ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് കെപ്പാ അരിസാബലാഗയെ ലണ്ടനില്‍ എത്തിക്കാനാണ് നീലപ്പടയുടെ ശ്രമം. 

click me!