ഓസ്ട്രേലിയന്‍ താരം ഒസാമയെന്ന് വിളിച്ചു ; ഗുരുതര ആരോപണവുമായി മോയിന്‍ അലി

By Web TeamFirst Published Sep 15, 2018, 1:06 PM IST
Highlights

ഒരു ഓസ്ട്രേലിയന്‍ കളിക്കാരന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണവുമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി. 2015ലെ ആഷസ് പരമ്പരയില്‍ കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ താരം തന്നെ ഒസാമയെന്ന് വിളിച്ചുവെന്നാണ് മോയിന്‍ അലി ടൈംസില്‍ എഴുതുന്ന തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ കളിക്കാരന്റെ പേര് അലി വെളിപ്പെടുത്തിയിട്ടില്ല.

ലണ്ടന്‍: ഒരു ഓസ്ട്രേലിയന്‍ കളിക്കാരന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണവുമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി. 2015ലെ ആഷസ് പരമ്പരയില്‍ കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ താരം തന്നെ ഒസാമയെന്ന് വിളിച്ചുവെന്നാണ് മോയിന്‍ അലി ടൈംസില്‍ എഴുതുന്ന തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ കളിക്കാരന്റെ പേര് അലി വെളിപ്പെടുത്തിയിട്ടില്ല.

വ്യക്തിപരമായി താന്‍ മികച്ച പ്രകടനം നടത്തിയ മത്സരമായിരുന്നു അതെങ്കിലും ആ സംഭവം തന്നെ പിടിച്ചുലച്ചുവെന്നും മോയിന്‍ അലി വെളിപ്പെടുത്തുന്നു. ഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് ഒരു ഓസ്ട്രേലിയന്‍ കളിക്കാരന്‍ എന്നെ നോക്കി ആ ഒസാമയെ പുറത്താക്ക് എന്ന് അധിക്ഷേപിച്ചത്. ആ താരം അങ്ങനെ വിളിച്ചതോടെ കളിയിലുള്ള ശ്രദ്ധ മുഴുവന്‍ നഷ്ടപ്പെട്ടു. ഇത്രയും വിവേചനം ഞാന്‍ അതുവരെ നേരിട്ടിട്ടില്ലായിരുന്നു. എന്നെ വംശീയമായി നിന്ദിച്ചതുപോലെ തോന്നി. അന്നത്തെപ്പോലെ അത്രയും ദേഷ്യത്തോടെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞാന്‍ നിന്നിട്ടില്ല.

ഇക്കാര്യം ഞാന്‍ ഒന്നു രണ്ടു പേരോട് പറഞ്ഞു. ഓസ്ട്രേലിയന്‍ പരിശീലകനായിരുന്ന ഡാരന്‍ ലേമാനോട് ഇംഗ്ലീഷ് കോച്ച് ട്രെവര്‍ ബെയ്‌ലിസും ഇക്കാര്യം പറഞ്ഞു. ലേമാന്‍ ആ ഓസ്ട്രേലിയന്‍ കളിക്കാരനെ വിളിച്ച് നിങ്ങള്‍ അയാളെ ഒസാമയെന്ന് വിളിച്ചോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ അത് നിഷേധിച്ചു. ആ പാര്‍ട് ടൈമറെ പുറത്താക്കൂ എന്നാണ് താന്‍ പറഞ്ഞതെന്ന് ആ കളിക്കാരന്‍ പറഞ്ഞു.

എന്നാല്‍ ഒസാമയെന്നു വിളിക്കുന്നതിന്റെയും പാര്‍ട് ടൈമര്‍ എന്ന് വിളിക്കുന്നതിന്റെയും വ്യത്യാസം എനിക്ക് നല്ലപോലെ അറിയാം. അതുകൊണ്ടുതന്നെ പാര്‍ട് ടൈമര്‍ എന്നാണ് വിളിച്ചതെങ്കില്‍ ഒരിക്കലും അത് ഞാന്‍ ഒസാമയായി തെറ്റിദ്ധരിക്കില്ല. പക്ഷെ അപ്പോള്‍ ആ കളിക്കാരന്‍ പറഞ്ഞത് വിശ്വസിക്കാനല്ലേ പറ്റൂ. പക്ഷെ ആ കളിയിലുടനീളം ഞാന്‍ രോഷാകുലനായിരുന്നു. ജീവിതത്തില്‍ ഞാന്‍ കളിച്ചിട്ടുള്ളതില്‍ ഇഷ്ടപ്പെടാത്ത ഒരേയൊരു ടീം അന്നത്തെ ഓസീസ് ടീമാണെന്നും മോയിന്‍ അലി വ്യക്തമാക്കി.

എന്നാല്‍ ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം കാര്‍ഡിഫുകാരുടെ പ്രതികരണം കണ്ടപ്പോള്‍ എനിക്ക് ആശ്വാസമായി. ആ ഓസ്‌ട്രേലിയന്‍ താരം അവരില്‍ ആരേയും പ്രതിനിധീകരിക്കുന്നില്ല എന്ന് ഞാന്‍ തിരിച്ചിറഞ്ഞു. മോയിന്‍ അലി പറയുന്നു. ഓഫ് സ്പിന്നറും ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനുമായി മോയിന്‍ അലിം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തിനോടും ഡേവിഡ് വാര്‍ണറോടും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനോടും തനിക്ക് യാതൊരു സഹതാപവും തോന്നിയിട്ടിലെന്നും മോയിന്‍ അലി നേരത്തെ വ്യക്തമാക്കിയിരുന്നു.

click me!