ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ മോയിന്‍ അലിക്ക് ചരിത്രനേട്ടം

By Web DeskFirst Published Aug 1, 2017, 9:50 AM IST
Highlights

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോയിന്‍ അലിക്ക് ചരിത്ര നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 239 റണ്‍സിന്റെ ഉജ്ജ്വല വിജയവുമായി പരമ്പരയില്‍ മുന്നിലെത്തിയപ്പോള്‍ ഹാട്രിക്ക് നേടിയ മോയിന്‍ അലി 79 വര്‍ഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് സ്പിന്നറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

തോല്‍വിയിലും ദക്ഷിണാഫ്രിക്കയ്ക്കായി ശക്തമായി പൊരുതിയ ഡീല്‍ എല്‍ഗാറിനെ വീഴ്‌ത്തിയാണ് അലി ഹാട്രിക്ക് നേട്ടത്തിലെ ആദ്യ വിക്കറ്റ് നേടിയത്. ക്ഷമയുടെ പര്യായമായി ക്രീസില്‍ നിന്ന എല്‍ഗാര്‍ 226 പന്ത് നേരിട്ട് 136 റണ്‍സടിച്ചിരുന്നു. കാഗിസോ റബാദയായിരുന്നു അലിയുടെ രണ്ടാമത്തെ ഇര. മൂന്നാം പന്തില്‍ അവസാന ബാറ്റ്സ്മാന്‍ മോണി മോര്‍ക്കലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അലി ഹാട്രിക്ക് പൂര്‍ത്തിയാക്കി. എല്‍ബിഡബ്ല്യൂവിനായുള്ള അപ്പീല്‍ അമ്പയര്‍ നിരസിച്ചപ്പോള്‍ റിവ്യൂവിലൂടെയാണ് അലി ഹാട്രിക്കിലെത്തിയത്.

1938ല്‍ സ്പിന്നര്‍ ടോം ഗൊദാര്‍ദ് ഹാട്രിക്ക് നേടിയശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് സ്പിന്നര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്നത്. പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് അവസാനമായി ഇംഗ്ലണ്ടിനായി ഹാട്രിക്ക് നേടിയ പേസ് ബൗളര്‍. രണ്ടുതവണ ഇംഗ്ലണ്ടിനായി ഹാട്രിക്ക് നേടിയിട്ടുളള ബ്രോഡിന്റെ നേട്ടം ഒരുതവണ ഇന്ത്യക്കെതിരെ ആയിരുന്നു.

 

click me!