ഇന്ത്യന്‍ ക്രിക്കറ്റിന്റെ എംഎസ്ഡി

By Web DeskFirst Published Jan 4, 2017, 10:35 PM IST
Highlights

ദില്ലി: ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനാണ് ധോണി. രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന റെക്കോഡും ധോണിയുടെ പേരിലാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സുവര്‍ണ ലിപികളിലെഴുതിയ ഒരു യാത്രയുടെ തുടക്കമായിരുന്നു ഇത്. ഐസിസിയുടെ നിര്‍ബന്ധം കൊണ്ടുമാത്രം പ്രഥമ ടി 20 ലോകകപ്പിന് ടീമിനെ അയച്ച ബിസിസിഐ പരീക്ഷണാര്‍ത്ഥം നായകനാക്കിയത് ധോണിയെ. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

ഓസ്ട്രേലിയയെയും പാകിസ്ഥാനെയുമൊക്കെ മുട്ടുകുത്തിച്ച നമ്മള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയത് ലോകകിരീടവുമായി. പിന്നെ തുടര്‍വിജയങ്ങളുടെ നാളുകള്‍. 4 വര്‍ഷത്തിനിപ്പുറം വാങ്കെഡയില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനനകളുടെ കരുത്തും കയ്യിലാവാഹിച്ച് ലോംഗ് ഓണിന് മുകളിലൂടെ ധോണി പായിച്ച ഈ സിക്സര്‍ നമുക്ക് നേടിത്തന്നത് കാത്തിരുന്ന ഏകദിന ലോകകപ്പ്. ഫൈനലില്‍ സ്വയം സ്ഥാനക്കയറ്റം നല്‍കിയിറങ്ങിയ ധോണി തന്നെ മാന്‍ ഓഫ് ദമാച്ചും. ശരിക്കും രാജയോഗം എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടം.

രണ്ട് വര്‍ഷം കഴിഞ്ഞ് ചാംപ്യന്‍സ് ട്രോഫിയും ജയിച്ച് മൂന്ന് ഐസിസി ടൂര്‍ണമെന്റും ജയിക്കുന്ന ഏക നായകനായി ധോണി. പോണ്ടിംഗൊക്കെ സ്വപ്നം കണ്ടിരുന്ന നേട്ടം. ഇതിനിടെ ഏഷ്യ കപ്പിലും ഇന്ത്യ ജേതാക്കളായി. ഏറ്റവുമൊടുവില്‍ നടന്ന രണ്ട് ഐസിസി ടൂര്‍ണമെന്‍റിലും സെമിയിലെത്താനും നമുക്കായി. എന്നും അഭിമാനത്തോടെ മാത്രം നമുക്കോര്‍ക്കാന്‍ കഴിയുന്ന ഒരു പിടി വിജയങ്ങള്‍ സമ്മാനിച്ച എം എസ് ധോണി സ്വയം നായകസ്ഥാനമൊഴിഞ്ഞു. മുന്നില്‍ നിന്ന് നയിക്കാന്‍ ഇനി ധോണിയില്ലെങ്കിലും വിക്കറ്റിന് പിന്നിലും മുന്നിലും വിസ്മയം കാട്ടാന്‍ നീലക്കുപ്പായത്തില്‍ ഇനിയുമുണ്ടാകും നമ്മുടെ സ്വന്തം എം എസ് ഡി.

 

click me!