ടി20 കരിയര്‍ അവസാനിച്ചതായി ധോണിയെ സെലക്‌ടര്‍മാര്‍ അറിയിച്ചു; വെളിപ്പെടുത്തല്‍

By Web TeamFirst Published Oct 28, 2018, 12:38 PM IST
Highlights

ധോണിക്ക് വിശ്രമം അനുവദിച്ചതല്ല, പുറത്താക്കിയത് തന്നെയെന്ന് ബിസിസിഐ ഒഫീഷ്യലിന്‍റെ വെളിപ്പെടുത്തല്‍. ടി20 കരിയർ അവസാനിച്ചതായി സെലക്ടർമാർ ധോണിയെ അറിയിച്ചതായും റിപ്പോര്‍ട്ട്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്. 

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് ടി20 ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചതാണോ പുറത്താക്കിയതാണോ എന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. വിന്‍ഡീസിനും ഓസീസിനും എതിരായ ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നാണ് ധോണിയെ ഒഴിവാക്കിയത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണിയെ ടി20 ടീമില്‍ നിന്ന് പുറത്താക്കിയതുതന്നെയാണ് എന്നാണ് തെളിയുന്നത്. ധോണിയുടെ ടി20 കരിയറിന് അന്ത്യമായി എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ധോണിക്ക് വിശ്രമം അനുവദിച്ചതല്ല, പുറത്താക്കിയത് തന്നെയാണെന്ന് ബിസിസിഐ ഒഫീഷ്യലിന്‍റെ വെളിപ്പെടുത്തലോടെ ദേശീയ മാധ്യമമായ ദ് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പുറത്താക്കുന്ന വിവരം സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിന് മുന്‍പ് ധോണിയെ സെലക്‌ടര്‍മാര്‍ ടീം മാനേജ്മെന്‍റ് മുഖേന അറിയിച്ചിരുന്നു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായാണ് ധോണിയെ പുറത്താക്കിയത്. 2020ലെ ടി20 ലോകകപ്പില്‍ ധോണി കളിക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ധോണിയുടെ പകരക്കാരനെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ ചിന്തിച്ചുതുടങ്ങണമെന്ന് സെലക‌ടര്‍മാര്‍ ആഗ്രഹിക്കുന്നതായും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. 

നായകന്‍മാരായ വിരാട് കോലിയുടെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെയാണ് ധോണിയെ പുറത്തിരുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഈ സ്ഥാത്തേക്ക് റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും തമ്മിലാണ് പോരാട്ടം എന്നുമായിരുന്നു മുഖ്യ സെലക്‌ടര്‍ എംഎസ്‌കെ പ്രസാദ് ധോണിയെ മാറ്റിനിര്‍ത്തിയതിനെ കുറിച്ച് പ്രതികരിച്ചത്. വിന്‍ഡീസിനും ഓസീസിനുമെതിരെ മൂന്ന് വീതം ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. 

click me!