സഞ്ജുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഹോം ഗ്രൗണ്ടായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ടുകളും ബാനറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: മലയാളികളുടെ സ്വന്തം സഞ്ജു, ഇന്ത്യൻ ടീമിലെ ചേട്ടന്‍, കാര്യവട്ടത്ത് കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങുമ്പോള്‍ കേരളത്തിലെ ആരാധകരും ആവേശത്തിന്‍റെ പരകോടിയിലാണ്. സഞ്ജുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഹോം ഗ്രൗണ്ടായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ടുകളും ബാനറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു തന്‍റെ രണ്ടാമത്തെ ടി20 സെഞ്ച്വറി അടിച്ചശഷമുള്ള ആഘോഷത്തെ ആസ്പദമാക്കിയുള്ള കൂറ്റൻ ഫ്ലെക്സ് ആണ് കാര്യവട്ടത്ത് ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്.
ലോകകപ്പിന് മുൻപ് സഞ്ജുവിന് നിർണായകം
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് തൊട്ടുമുൻപുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമാണ് ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ പരമ്പരയിലെ കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളിൽ (10, 6, 0, 24) വലിയ സ്കോറുകൾ നേടാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ സ്വന്തം കാണികൾക്ക് മുന്നിൽ ഒരു വലിയ സ്കോർ സഞ്ജുവിന് അനിവാര്യമാണ്.
ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്
പരിക്കിൽ നിന്ന് മുക്തരായ ഇഷാൻ കിഷനും അക്സർ പട്ടേലും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. ഇന്നലെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകിയാൽ ഇഷാൻ കിഷൻ സഞ്ജുവിനൊപ്പം ഓപ്പൺ ചെയ്യാൻ ഇറങ്ങും. ബാറ്റിംഗ് കരുത്ത് പരീക്ഷിക്കാൻ ടോസ് നേടിയാൽ ഇന്ത്യ റൺസ് പിന്തുടാരാനാണ് സാധ്യത. പരമ്പര നേടിക്കഴിഞ്ഞതിനാൽ ബൗളിംഗ് നിരയിൽ പരീക്ഷണം നടത്തിയേക്കും.
