
വെല്ലിംഗ്ടണ്‍: ഏകദിന ക്രിക്കറ്റില്‍ ആറു പന്തില്‍ ആറു സിക്സറകളെന്ന ഹെര്‍ഷെല്‍ ഗിബ്സിന്റെ ലോക റെക്കോര്‍ഡ് കൈയകലത്തില്‍ കൈവിട്ട് ന്യൂസിലന്‍ഡിന്റെ ജിമ്മി നീഷാം. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ തിസാര പെരേര എറിഞ്ഞ 49-ാം ഓവറിലാണ് നീഷാം അഞ്ച് സിക്സറുകള്‍ പറത്തിയത്. 34 റണ്‍സാണ് ഈ ഓവറില്‍ നീഷാം അടിച്ചെടുത്തത്.
ആദ്യ നാലു പന്തില്‍ നാലു സിക്സറുകള്‍ പറത്തിയ നീഷാം നോബോളായ അടുത്ത പന്തില്‍ രണ്ട് ബൈ റണ്‍സ് ഓടിയെടുത്തു. ഫ്രീ ഹിറ്റ് ലഭിച്ച അഞ്ചാം പന്ത് വീണ്ടും സിക്സറിന് പറത്തി. അവസാന പന്തില്‍ സിക്സറടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതുവരെ ഒമ്പതോവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തിരുന്ന പെരേര പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 80 റണ്‍സ് വഴങ്ങി.
ഏകദിന ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ വഴങ്ങിയ മൂന്നാമത്തെ ബൗളറെന്ന നാണക്കേടും ഇതോടെ തിസാര പേരേരയുടെ പേരിലായി. നെതര്‍ലന്‍ഡ്സിനെതിരായ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷെല്‍ ഗിബ്സ് ആറു പന്തില്‍ ആറ് സിക്സറുകള്‍ പറത്തിയതാണ് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ഓവര്‍. തിസാര പെരേരക്കെതിരെ തന്നെ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് 35 റണ്‍സടിച്ചതാണ് രണ്ടാമത്തെ മോശം ഓവര്‍. ഇപ്പോഴിതാ തിസാര പെരേര തന്നെ 34 റണ്‍സ് വഴങ്ങി വീണ്ടും നാണംകെട്ടു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കീവീസ് മാര്‍ട്ടിന്‍ ഗപ്ടിലിന്റെ(138), സെഞ്ചുറിയുടെയും റോസ് ടെയ്‌ലര്‍(54), കെയ്ന്‍ വില്യാംസണ്‍(76) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സടിച്ചപ്പോള്‍ ശ്രീലങ്ക 49 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി.കീവീസിനായി നീഷാം 13 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!