തകര്‍ത്തടിച്ച് രോഹിത്തും റെയ്നയും; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റണ്‍സ് വിജയലക്ഷ്യം

By Web DeskFirst Published Mar 14, 2018, 8:37 PM IST
Highlights

സ്ലോ പിച്ചില്‍ കരുതലോടെ കളിച്ച ധവാനും രോഹിത്തും ചേര്‍ന്ന് ആദ്യ പത്തോവറില്‍ 70 റണ്‍സ് മാത്രമാണ് അടിച്ചെടുത്തത്

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20യില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സുരേഷ് റെയ്നയുടെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. രോഹിത് 61 പന്തില്‍ റണ്‍സടിച്ചപ്പോള്‍ 89 റണ്‍സടിച്ചപ്പോള്‍ 30 പന്തില്‍ 47 റണ്‍സടിച്ച റെയ്നയും തിളങ്ങി. ധവാന്‍ 27 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് ആദ്യ വിക്കറ്റിനായി പത്താം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. സ്ലോ പിച്ചില്‍ കരുതലോടെ കളിച്ച ധവാനും രോഹിത്തും ചേര്‍ന്ന് ആദ്യ പത്തോവറില്‍ 70 റണ്‍സ് മാത്രമാണ് അടിച്ചെടുത്തത്. ധവാന്‍ പുറത്തായശേഷം റെയ്നയെ കൂട്ടുപിടിച്ച് സ്കോര്‍ ഉയര്‍ത്തിയ രോഹിത് 42 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്. ആവസാന നാലോവറില്‍ രോഹിത്തും റെയ്നയും തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നത്.

സെഞ്ചുറി അടിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറില്‍ രോഹിത്തിന് കാര്യമായി സ്കോര്‍ ചെയ്യാനായില്ല. അവസാന പന്തില്‍ റണ്ണൗട്ടായാണ് രോഹിത് പുറത്തായത്. അഞ്ച് സിക്സറും അഞ്ച് ബൗണ്ടറിയും അടക്കമാണ് രോഹിത്ത് 89 റണ്‍സടിച്ചത്. 30 പന്തില്‍ 47 റണ്‍സടിച്ച റെയ്ന അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും പറത്തി.

 

click me!