ഇതിഹാസ പരിശീലകൻ സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതം സിനിമ ആവുന്നു

By Web TeamFirst Published Jul 25, 2018, 6:14 PM IST
Highlights

ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗൺ ആണ് റഹീം ആയി അഭിനയിക്കുക. സീ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമിത് ശർമ്മ.

ദില്ലി: ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ പരിശീലകൻ സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതം സിനിമ ആവുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ സുവർകാലം കൂടിയായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുക.

ലോകകപ്പ് ഫുട്ബോളില്‍ ഇഷ്ടടീമുകൾക്കായി ആർത്തുവിളിക്കുമ്പോൾ മിക്കവർക്കും അറിയില്ല ഇന്ത്യയുടെ സമ്പന്ന ഫുട്ബോൾ പൈതൃകത്തെക്കുറിച്ച്. കാലിൽ ഇന്ദ്രജാലം ഒളിപ്പിച്ച കളിക്കാരും തന്ത്രശാലികളായ പരിശീലകരും നിറഞ്ഞുതുളുമ്പുന്ന ഗാലറികളുമുള്ള കാലം ഇന്ത്യക്കും ഉണ്ടായിരുന്നു.

ഈ സുവർണകാലമാണ് ഇതിഹാസ പരിശീലകൻ സയദ് അബ്ദുൽ റഹീമിന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്. ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗൺ ആണ് റഹീം ആയി അഭിനയിക്കുക. സീ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമിത് ശർമ്മ.  ഇന്ത്യയുടെ എക്കാലത്തേയും മികച്ച പരിശീലകനായ റഹീമിന് കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം 1951, 1962 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടി. 1956ലെ മെൽബൺ ഒളിംപിക്സിൽ സെമിഫൈനലിൽ കടന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ടീമുമായി.

റഹീമിന്‍റെ ജീവിതം സിനിമയാവുമ്പോൾ ഇന്ത്യൻ ഫുട്ബോളിലെ അവിസ്മരണീയ താരങ്ങളായ ചുനി ഗോസ്വാമി, പി കെ  ബാനർജി, ബലറാം, ജെർണെയ്ൽ സിംഗ് മേവാലൽ തുടങ്ങിയവരെക്കുറിച്ചും പുതു തലമുറയിലേക്ക് എത്തും.

click me!