ആ വലിയ നേട്ടത്തിലേക്ക് സിദാന്‍റെ പേരും

 
Published : Jul 25, 2018, 09:47 AM IST
ആ വലിയ നേട്ടത്തിലേക്ക് സിദാന്‍റെ പേരും

Synopsis

സെപ്റ്റംബറില്‍ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും

സുറിച്ച്: കളിക്കാരനെന്ന നിലയില്‍ പ്രതിഭ കൊണ്ട് മായാജാലം സൃഷ്ടിച്ച ഫ്രാന്‍സിന്‍റെ സിനദിന്‍ സിദാനെ പരിശീലകന്‍ എന്ന നിലയില്‍ വാഴ്ത്തിപ്പാടാന്‍ പലര്‍ക്കും വിമുഖതയാണ്. റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്നാം വട്ടവും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി സ്പാനിഷ് ക്ലബ്ബിന്‍റെ പടിയിറങ്ങിയപ്പോഴും ഇതിഹാസ താരമെന്ന ഖ്യാതിയില്‍ നിന്ന് എണ്ണം പറഞ്ഞ മികച്ച പരിശീലകരില്‍ ഒരാളായി ഫുട്ബോള്‍ പണ്ഡിതന്മാര്‍ സിദാനെ പരിഗണിച്ചില്ല.

നേട്ടങ്ങളില്‍ പിന്നിലുളള പലരും കയറിക്കൂടിയ പട്ടികയില്‍ തന്‍റെ പഴയ ശെെലിയാണ് സീസുവിനെ പിന്നിലാക്കിയത്. ടീം കളിക്കുമ്പോള്‍ സെെഡ് ലെെനില്‍ നിന്ന് ആക്രോശിക്കാനോ അല്ലെങ്കില്‍ കളിക്ക് മുമ്പ് വാക്കുകള്‍ കൊണ്ട് അമ്മാനമാടി കയ്യടി നേടാനോ ശ്രമിക്കാത്ത പരിശീലകനായിരുന്നു സിദാന്‍. തന്‍റെ കളിക്കാരെ അവരുടെ രീതിയില്‍ വിന്യസിച്ച് ജയിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന സിദാന്‍ പരീക്ഷണങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടാനും ശ്രമിച്ചില്ല.

അത് കൊണ്ടാണ് പെപ് ഗ്വാര്‍ഡിയോള, ഹോസെ മൗറീഞ്ഞോ എന്നിങ്ങനെ വലിയ പേരുകളുടെ കൂടെ സിദാന്‍ പരിഗണിക്കപ്പെട്ടില്ല. പക്ഷേ, ഇപ്പോള്‍ തന്‍റെ പരിശീലന മികവിനുള്ള അംഗീകാരം സിദാനെ തേടിയെത്തുമോയെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ കാത്തിരിക്കുന്നത്. ഫിഫയുടെ മികച്ച പരിശീലകന്മാരുടെ പട്ടികയില്‍ സിദാനും ഇടം നേടിയിട്ടുണ്ട്.

സെപ്റ്റംബറില്‍ ലണ്ടനില്‍ വച്ചാണ് ആരാണ് ആ പുരസ്കാരം സ്വന്തമാക്കുകയെന്ന പ്രഖ്യാപനം ഉണ്ടാവുക. ഫ്രാന്‍സില്‍ നിന്ന് തന്നയാണ് സിദാന്‍റെ മുഖ്യ എതിരാളി. ഫ്രഞ്ച് പടയെ ലോക കിരീടത്തിലെത്തിച്ച ദിദിയര്‍ ദെശാംപ്സ്, മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത പെപ് ഗ്വാര്‍ഡിയോള എന്നിവര്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ്.

ഇവരെ കൂടാതെ, ക്രൊയേഷ്യയുടെ സ്ലാട്ട്ക്കോ ഡാലിക്, ഇംഗ്ലണ്ടിന്‍റെ ഗാരത് സൗത്ത്ഗേറ്റ്, റഷ്യയുടെ സ്റ്റാനിസ്ലാവ് ഷെര്‍ഷേഷോവ്, യുവന്‍റസിന്‍റെ മാസ്സിമിലാനോ അല്ലെഗ്രി, ലിവര്‍പൂളിന്‍റെ യുര്‍ഗന്‍ ക്ലോപ്പ്, ബെല്‍ജിയത്തിന്‍റെ റോബര്‍ട്ടോ മാര്‍ട്ടിനസ്, അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ ഡീഗോ സിമിയോണി, ബാഴ്സയുടെ ഏര്‍ണസ്റ്റോ വാല്‍വര്‍ഡേ എന്നിവരാണ് പട്ടികയില്‍ ബാക്കിയുള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത