സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തി കുക്ക്

By Web DeskFirst Published Aug 20, 2017, 5:11 PM IST
Highlights

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡ‍ീസിനെതിരായ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അലിസ്റ്റര്‍ കുക്ക് ഡബിള്‍ സെഞ്ചുറി നേടിയതോടെ ക്രിക്കറ്റ് ലോകത്ത് ആ ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപടിക്കുന്നു. അതേ, ഇന്ത്യ ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യം. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ കുക്ക് മറികടക്കുമോ എന്ന്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ്(15,921 റണ്‍സ്) മറികടക്കാന്‍ 32കാരനായ കുക്കിന് വേണ്ടത് 4,444 റണ്‍സാണ്. 11,478 റണ്‍സാണ് ഇതുവരെ ടെസ്റ്റില്‍ കുക്കിന്റെ പേരിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ താരങ്ങളില്‍ സച്ചിനെ മറികടക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരേയൊരു താരവും കുക്ക് തന്നെയാണ്.

സച്ചിന്റെ റെക്കോര്‍ കുക്ക് മറികടക്കാനുള്ള സാധ്യതകള്‍ ഇവയാണ്

കുക്കിന് പ്രായം 32 മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കുക്കിന് ശാരീരികക്ഷമത നിലനിര്‍ത്തി കൂടുതല്‍ കാലം കളിക്കാനാവും. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്ന ഇംഗ്ലണ്ട് ടീം പ്രതിവര്‍ഷം 15 ടെസ്റ്റുകളെങ്കിലും കളിക്കാറുണ്ട്. ഈ കണക്കുകള്‍വെച്ചു നോക്കിയാല്‍ തന്നെ നിലവിലെ ഫോം തുടര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ എന്ന സച്ചിന്റെ റെക്കോര്‍ഡും(200 ടെസ്റ്റ്) ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡും മറികടക്കുകം കുക്കിനെ സംബന്ധിച്ചിടത്തോളം അസാധ്യമല്ല.

സച്ചിന്‍ നാല്‍പതുവയസുവരെ രാജ്യാന്തര ക്രിക്കറ്റ് കളിച്ചു. നിലവില്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന കുക്കിനും അതുവരെ കരിയര്‍ തുടരുക സാധ്യമാണ്. അങ്ങനെ വന്നാല്‍ ഒരുപക്ഷെ ഇപ്പോള്‍ തന്നെ 145 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള കുക്കിന് 200 ടെസ്റ്റുകളില്‍ കൂടുതല്‍ കളിക്കാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നു.

കുക്കിന് തുല്യം കുക്ക് മാത്രം

ടെസ്റ്റ് റൺ നേട്ടത്തിൽ കുക്കിന് അല്‍പമെങ്കിലും ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ മുന്നിലുള്ളത് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല മാത്രമാണ്. എന്നാല്‍ കുക്കിനേക്കാൾ ഒന്നര വയസ് കൂടുതലുള്ള അംല, കുക്കിന്റെ റൺനേട്ടത്തിന് 3000 റൺസോളം പിന്നിലുമാണ്. സമീപകാലത്ത് അംല അത്ര മികച്ച ഫോമിലുമല്ല. മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഏകദിന, ട്വന്റി-20 ടീമുകളിലും അംല ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്.

2012 മുതൽ 2016 വരെ  ഓരോവര്‍ഷവും ശരാശരി 13.6 ടെസ്റ്റുകളിലാണ് കുക്ക് കളത്തിലിറങ്ങിയത്. ഇക്കാലയളവിൽ ശരാശരി 1,038 റൺസും അദ്ദേഹം സ്കോർ ചെയ്തു. സച്ചിന്റെ റെക്കോർഡ് നേട്ടം മറികടക്കാൻ 32കാരനായ കുക്കിന് ഇനി വേണ്ടത് 4301 റൺസു കൂടി മാത്രമാണ്. പ്രായം കുക്കിന് ഒരു വിലങ്ങുതടിയാകുമെന്ന് കരുതാനാവില്ല. കാരണം, സുനിൽ ഗാവസ്കറിന്റെ 34 ടെസ്റ്റ് ടെസ്റ്റ് സെഞ്ചുറികളെന്ന റെക്കോർഡ് സച്ചിൻ മറികടന്നത് 32–ാം വയസിലാണ്. അതിനുശേഷം 16 സെഞ്ചുറികൾ കൂടി തികച്ചാണ് സച്ചിൻ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞത്

click me!