പെര്‍ത്ത് മുതല്‍ സിഡ്നി വരെ, റാഞ്ചി മുതല്‍ വിശാഖപട്ടണം വരെ, ഒടുവില്‍ ബെംഗളൂരുവും ജയ്പൂരും. സമയസൂചിയെ പിന്നോട്ടടിപ്പിക്കുകയല്ല, ഓര്‍മപ്പെടുത്തുകയാണ് രോഹിതും കോഹ്ലിയും
2019 വരെയുള്ള വിരാട് കോഹ്ലിയെ ഓര്‍മയുണ്ടോ. ഏത് ബൗളിങ് നിരയും അയാള്‍ക്ക് ഒന്നുമല്ലാതിരുന്ന ഒരു കാലം. കോഹ്ലി റണ്‍സെടുത്തില്ലെങ്കില്‍ അസ്വാഭവികത തോന്നിയിരുന്ന ക്രിക്കറ്റ് ദിനങ്ങള്‍. മറുവശത്ത് ഒറ്റയ്ക്ക് ടീമുകളെ വിഴുങ്ങുന്ന രോഹിത് ശര്‍മ, സെഞ്ചുറി കടന്നാല്‍ ഇരട്ടസെഞ്ചുറിയിലേക്ക് കുതിപ്പുറപ്പിച്ചിരുന്ന നാളുകള്‍. പെര്‍ത്ത് മുതല്‍ സിഡ്നി വരെ, റാഞ്ചി മുതല്‍ വിശാഖപട്ടണം വരെ, ഒടുവില്‍ ബെംഗളൂരുവും ജയ്പൂരും. സമയസൂചിയെ പിന്നോട്ടടിപ്പിക്കുകയല്ല, ഓര്‍മപ്പെടുത്തുകയാണ്. ഇനിയും കടമ്പകള്‍ മുന്നോട്ട് വെക്കാം, വിമര്‍ശനങ്ങള്‍ ഉന്നയിക്കാം, സംശയങ്ങള്‍ ഉയര്‍ത്താം. The bat does the talking for Virat Kohli and Rohit Sharma.
നോണ്‍ കമ്മിറ്റല്‍ - വിരാട് കോഹ്ലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയ ഉത്തരമായിരുന്നു ഇത്. റണ്‍സ് നേടണം, സ്ഥിരതവേണം, കായികക്ഷമത നിലനിര്‍ത്തണം, ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണം. ഇങ്ങനെ ചില കടമ്പകളും ഇതിഹാസങ്ങള്‍ക്ക് മുന്നില്‍ വച്ചു. പ്രായത്തെ ചൂണ്ടിക്കാണിച്ചുള്ള ആശങ്കകള്‍ക്കും മറ്റ് വിമര്‍ശനങ്ങള്‍ക്കുമെല്ലാം രോ-കോ സഖ്യം മറുപടി നല്‍കികഴിഞ്ഞിരിക്കുന്നു. ഓസ്ട്രേലിയ മുതല്‍ വിജയ് ഹസാരെ ട്രോഫി വരെ തുടരുന്ന റണ്ണൊഴുക്ക്.
വിജയ് ഹസാരെയില്‍ കോഹ്ലി ഡല്‍ഹിക്കായി രണ്ട് മത്സരങ്ങളിലാണ് ക്രീസിലെത്തിയത്. ആന്ധ്രക്കെതിരെ 101 പന്തില്‍ 131 റണ്‍സ്, ഗുജറാത്തിനെതിരെ 61 പന്തില്‍ 71 റണ്‍സ്. രണ്ട് കളികളില്‍ നിന്ന് 208 റണ്‍സ്, ശരാശരി 104, സ്ട്രൈക്ക് റേറ്റ് 128. ഇനി രോഹിത് ശര്‍മയിലേക്ക്. ഉത്തരാഖണ്ഡിനെതിരെ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും സിക്കിമിനെതിരെ 155 റണ്‍സാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അതും കേവലം 94 പന്തില്‍. വിജയ് ഹസാരെയിലെ രോഹിതിന്റെ സ്ട്രൈക്ക് റേറ്റ് 163 ആണ്. മുംബൈക്കായി സിക്കമിനെതിരെ രോഹിതും ഡല്‍ഹിക്കായി ഗുജറാത്തിനെതിരെ കോഹ്ലിയും കളിയിലെ താരമായി.
38 വയസു പിന്നിട്ട രോഹിതും 37 താണ്ടിയ കോഹ്ലിയുമാണ് ഇന്നും തങ്ങള്‍ കളിക്കുന്ന ടീമിലെ നിര്‍ണായക ഘടകങ്ങളെന്ന് ചുരുക്കം. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ നാള്‍ മുതലുള്ള ഇരുവരുടേയും പ്രകടനങ്ങളെടുക്കാം. ഓസ്ട്രേലിയൻ പര്യടനം, ദക്ഷിണാഫ്രിക്ക പരമ്പര, വിജയ് ഹസാരെ. കോഹ്ലി എട്ട് ഇന്നിങ്സുകളില്‍ നിന്ന് 584 റണ്‍സ്. മൂന്ന് വീതം സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറികളും. വലം കയ്യൻ ബാറ്ററുടെ ശരാശരി 97.3 ആണ്. രോഹിത് എട്ട് മത്സരങ്ങളില്‍ നിന്ന് 503 റണ്‍സ്. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും. രോഹിതിന്റെ ശരാശരി എത്തി നില്‍ക്കുന്നത് 71.8 എന്ന നിലയിലാണ്.
കായികക്ഷമതയിലേക്ക് എത്തിയാല്‍ കോഹ്ലിയില്‍ ആശങ്കകളില്ലായിരുന്നെങ്കിലും രോഹിതിന്റെ കാര്യം വ്യത്യസ്തമായിരുന്നു. പക്ഷേ, ആഗാര്‍ക്കര്‍ പറഞ്ഞ നോണ്‍ കമ്മിറ്റല്‍ രോഹിത് ലോകകപ്പിന് തയാറെടുക്കുന്നതിനായി 11 കിലോയിലധികമാണ് ശരീശഭാരം കുറച്ചത്. റണ്‍സ് നേടി അതും പ്രൈം കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന സ്ഥിരതയോടെ. ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്ന നിബന്ധന അംഗീകരിക്കുകയും മൈതാനങ്ങള്‍ കീഴടക്കുകയും ചെയ്തു.
2024 ഡിസംബര്‍ ഓര്‍ക്കുന്നില്ലെ, രോഹിതും കോഹ്ലിയും ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയില്‍ ഓസീസ് മൈതാനങ്ങളില്‍ റണ്‍ വരള്‍ച്ച നേരിട്ട സമയം. അന്നും സമാനമായി ആഭ്യന്തര ക്രിക്കറ്റ് എന്നൊരു കടമ്പ രോഹിതിനും കോഹ്ലിക്കും മുന്നില്‍വെച്ചു. ഫോം വീണ്ടെടുക്കാൻ അവസരം. സമ്മര്‍ദത്തിന്റെ കൊടുമുടിയിലായിരുന്നു ഇരവരും പരാജയപ്പെട്ടു. കോഹ്ലി ഡല്‍ഹിക്കായി റയില്‍വയ്സിനെതിരെ ആറ് റണ്‍സ് മാത്രമാണ് നേടിയത്. രോഹിത് ജമ്മു കശ്മീരിനെതിരെ 31 റണ്‍സും. ശേഷം, ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ രോഹിതിന്റേയും പോസ്റ്റായി കോഹ്ലിയുടേയും വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു ക്രിക്കറ്റ് ആരാധകരെ തേടിയെത്തിയത്.
ടെസ്റ്റില്‍ സംഭവിച്ചത് ഏകദിനത്തില്‍ ആവര്‍ത്തിച്ചില്ല. ഫോര്‍മാറ്റിനെ ഒന്നരപതിറ്റാണ്ടിലധികമായി കീഴടക്കിയ രണ്ട് പേര്‍. ഏകദിന ക്രിക്കറ്റ് കാണാൻ ഒരു ജനതയെ ഇന്നും പ്രേരിപ്പിക്കുന്ന ദ്വയം. പ്രായവും സാഹചര്യങ്ങളുമൊക്കെ എതിരാകുമ്പോഴും പതിവുപോലെ അവര്‍ എല്ലാം തിരുത്തിയെഴുതുകയാണ്. ഒരേയൊരു ലക്ഷ്യം മാത്രം, 2027 ഏകദിന ലോകകപ്പ്.


