പ്രൊ വോളി ലീഗ്: കേരളത്തിലെ പ്രമുഖ താരങ്ങളെ തഴഞ്ഞുവെന്ന് ആക്ഷേപം; താരലേലം 13നും 14നും

By Web TeamFirst Published Dec 12, 2018, 12:40 PM IST
Highlights

കേരളത്തില്‍ നിന്നുള്ള പല മികച്ച താരങ്ങളേയും ലേലപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആക്ഷേപം.ഫെഡറേഷന്‍ കപ്പ് നേടിയ കേരള ടീമിലെ മികച്ച താരങ്ങളായ ഷോണ്‍ ടി ജോണ്‍,അബ്ദു റഹീം എന്നിവരുള്‍പ്പെടെ മികച്ച ഫോമിലുള്ള പലരും ലേലപ്പട്ടികയിലില്ല.

ദില്ലി: ഇന്ത്യന്‍ വോളിബോളില്‍ പ്രൊഫഷണലിസവുമായെത്തുന്ന പ്രൊ വോളി ലീഗിലേക്കുള്ള കളിക്കാരുടെ ലേലം ഈ മാസം പതിമൂന്ന്,പതിനാല് തിയതികളില്‍ ദില്ലിയില്‍ നടക്കും. ദേശീയ തലത്തില്‍ മികവ് പുലര്‍ത്തുന്ന കേരളത്തിലെ പല പ്രമുഖ താരങ്ങളെയും ലേല പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ നിന്ന് രണ്ട് ടീമുകള്‍ ഉള്‍പ്പെടെ ആറ് ടീമുകളാണ് പ്രൊ വോളി ലീഗിലുള്ളത്. ഈ ടീമുകളേക്കായി 115 താരങ്ങള്‍ ലേലപ്പട്ടികയിലുണ്ട്.കേരളത്തില്‍ നിന്ന് പന്ത്രണ്ട് താരങ്ങളാണ് പട്ടികയില്‍ ഉള്ളത്. കേരളത്തില്‍ നിന്നുള്ള പല മികച്ച താരങ്ങളേയും ലേലപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആക്ഷേപം.ഫെഡറേഷന്‍ കപ്പ് നേടിയ കേരള ടീമിലെ മികച്ച താരങ്ങളായ ഷോണ്‍ ടി ജോണ്‍,അബ്ദു റഹീം എന്നിവരുള്‍പ്പെടെ മികച്ച ഫോമിലുള്ള പലരും ലേലപ്പട്ടികയിലില്ല.

പരിചയ സമ്പന്നരായ മുന്‍ ദേശീയ ക്യാപ്ടന്‍ രതീഷ്, കെ.ജി.രാഗേഷ് തുടങ്ങിവര്‍ക്കും അവസരം കിട്ടിയില്ല. ബിപിസിഎല്‍ നിന്ന് ഏഴ് താരങ്ങള്‍ ലേലപ്പട്ടികയില്‍ ഉണ്ട്.എന്നാല്‍ കെഎസ്ഇബി,കേരള പൊലീസ്, കസ്റ്റംസ് ടീമുകളിലെ താരങ്ങളെയൊന്നും ഇത്തവണ ലേലത്തിന് പരിഗണിച്ചിട്ടില്ല.ഏറെ വോളിബോള്‍ പ്രേമികള്‍ ഉള്ള കോഴിക്കോട് മത്സര വേദി ഒരുക്കാത്തതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൊച്ചി, ചെന്നൈ എന്നീ നഗരങ്ങളിലായി ഫെബ്രുവരി ആദ്യ വാരം ലീഗ് തുടങ്ങും.

click me!