
തിരുവനന്തപുരം: ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കെ.എല്‍. രാഹുലിന്റെ കാര്യത്തില്‍ വേവലാതിപ്പെടേണ്ടതില്ലെന്ന് ഇന്ത്യ എ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കഴിവ് തെളിയിച്ച താരമാണ് രാഹുല്‍. അവന് തിരിച്ചുവരാന്‍ സാധിക്കും. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന മത്സരത്തില്‍ രാഹുല്‍ കളിക്കുന്നുണ്ട്. ചതുര്‍ദിന പരമ്പരയിലൂടെ രാഹുല്‍ തിരിച്ചുവരുമെന്നും ദ്രാവിഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനെ കുറിച്ചും ദ്രാവിഡ് വാചാലനായി.1999 ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ലോകകപ്പ് വ്യത്യസ്തമായിരിക്കും. ഇംഗ്ലണ്ടിലെ ഇപ്പോഴത്തെ പിച്ചുകള്‍ ഫ്‌ളാറ്റാണ്. ഒരുപാട് റണ്‍സ് പിറക്കുന്ന ലോകകപ്പായിരിക്കും ഇത്. ഇന്ന് ഫീല്‍ഡിങ് നിയന്ത്രണവുമുണ്ട്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ ലോകകപ്പില്‍ കൂടുതല്‍ റണ്‍ പ്രതീക്ഷിക്കാം. ഇന്ത്യ ഇപ്പോള്‍ മികച്ച ക്രിക്കറ്റ് കളികക്കുന്നു. തീര്‍ച്ചയായും ടീം ലോകകപ്പിലെ ഫേവറൈറ്റ്‌സ് തന്നെയാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ച താരങ്ങളെയും ദ്രാവിഡ് പ്രശംസിച്ചു. അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ശ്രേയാസ് അയ്യര്‍ തുടങ്ങിയവര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞു. ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, നവ്ദീപ് സൈനി, മായങ്ക് മര്‍കണ്ഡേ എന്നിവരെല്ലാം കഴിവ് പുറത്തെടുത്തതില്‍ ഏറെ സന്തോഷമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!