
തിരുവനന്തപുരം: ജലജ് സക്സേനയുടെ ഓള്‍ റൗണ്ട് മികവിന് മുന്നില്‍ ആന്ധ്ര ആയുധംവെച്ച് കീഴടങ്ങി. രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ആന്ധ്രയെ ഒമ്പത് വിക്കറ്റിന് കീഴടക്കി കേരളം സീസണിലെ ആദ്യ ജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ ആന്ധ്രയെ 115 റണ്‍സിന് പുറത്താക്കിയ കേരളം അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 43 റണ്‍സ് അടിച്ചെടുത്തു.
കേരളത്തിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സില്‍ എട്ടു വിക്കറ്റും പിഴുത ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയശില്‍പി. ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 16 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിനെ നഷ്ടമായെങ്കിലും 19 റണ്‍സുമായി ജലജ് സക്സേനയും എട്ടു റണ്‍സുമായി രോഹന്‍ പ്രേമും വിജയം പൂര്‍ത്തിയാക്കി.
ആദ്യമത്സരത്തില്‍ ഹൈദരാബാദിനോട് സമനില വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം മറികടക്കുന്നതായിരുന്നു കേരളത്തിന്റെ വിജയം. ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സില്‍ 32 റണ്‍സെടുത്ത റിക്കി ബൂയി മാത്രമാണ് പൊരുതി നോക്കിയത്. കേരളത്തിനായി 21.3 ഓവര്‍ എറിഞ്ഞ ജലജ് സക്സേന 45 റണ്‍സ് വഴങ്ങിയാണ് എട്ടു വിക്കറ്റെടുത്തത്.
ജയത്തോടെ കരുത്തരായ മുംബൈയും പഞ്ചാബുമെല്ലാം അടങ്ങുന്ന ബി ഗ്രൂപ്പില്‍ ഏഴ് പോയന്റുമായി കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറ്റ് ടീമുകളുടെ മത്സരഫലം വരുമ്പോള്‍ ഇതില്‍ മാറ്റം വന്നേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!