ഒരു മുഴം മുന്നെ എറിഞ്ഞ വെംഗര്‍; ബാഴ്സയെ കരയിപ്പിച്ച യൂസേബിയോ; ആരാകും സിദാന്‍റെ പകരക്കാരന്‍

By Web DeskFirst Published Jun 1, 2018, 11:13 AM IST
Highlights
  • യൂസേബിയോയുടെ തന്ത്രങ്ങളായിരുന്നു മെസിപ്പടയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയത്
  • ടോട്ടനം  പരിശീലകന്‍  മൗറീഷ്യോ പൊചെടിനോയ്ക്കും സാധ്യത

മാഡ്രിഡ്: കാല്‍പന്ത് പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സിനദിന്‍ സിദാന്‍ റയലിന്‍റെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും കിരീടത്തില്‍ മുത്തമിട്ടതിന് തൊട്ടുപിന്നാലെയുള്ള സിദാന്‍റെ തീരുമാനം റയല്‍ ആരാധകരെ നിരാശയിലാക്കി. രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് റയലിന്‍റെയും ഫ്രാന്‍സിന്‍റെയും ഇതിഹാസതാരം തീരുമാനം പ്രഖ്യാപിച്ചത്.

സലാം പറഞ്ഞ് സിദാന്‍ മടങ്ങിയതോടെ പകരക്കാരനായി സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ ആരെത്തും എന്ന ചര്‍ച്ചകള്‍ കാല്‍പന്ത് ലോകത്ത് സജീവമാണ്. മാഡ്രിഡില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ആഴ്സണലിന്‍റെ പരിശീലകസ്ഥാനത്ത് നിന്നും അടുത്തിടെ പടിയിറങ്ങിയ ആഴ്സന്‍ വെംഗര്‍ക്കാണ് ഏറ്റവുമധികം സാധ്യത. 22 വര്‍ഷക്കാലം പീരങ്കിപടയെ നയിച്ച വെംഗര്‍ പ്രീമിയര്‍ലീഗിലെ ഇതിഹാസപരിശീലകനായാണ് വിലയിരുത്തപെടുന്നത്. പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് സ്വപ്നസമാനമായ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുള്ള വെംഗര്‍ക്ക് സ്പാനിഷ് ലീഗിലും തിളങ്ങാനാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വിശ്രമ ജീവിതം നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള വെംഗര്‍ റയലിന്‍റെ നീക്കങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

കഴിഞ്ഞ നാല് വര്‍ഷമായി ടോട്ടനം ഹോട്സ്പറിന്‍റെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ കുതിപ്പിന് പിന്നിലെ തന്ത്രങ്ങളൊരുക്കുന്ന  മൗറീഷ്യോ പൊചെടിനോയാണ് സാധ്യതാ പട്ടികയിലെ മറ്റൊരു പ്രമുഖന്‍. വെംഗറെക്കാള്‍ സാധ്യത അര്‍ജന്‍റീനക്കാരനായ പൊചെടിനോയ്ക്ക് കല്‍പ്പിക്കുന്നവരും കുറവല്ല. പ്രായവും അദ്ദേഹത്തിന് അനുകൂല ഘടകമാണ്. ടോട്ടനവുമായി അഞ്ച് വര്‍ഷത്തേക്കുള്ള കരാര്‍ കഴിഞ്ഞ ആഴ്ച പുതുക്കിയതാണ് പൊചെടിനോയ്ക്കുള്ള ഏക തിരിച്ചടി.

ഇറ്റാലിയന്‍ ശക്തികളായ റോമയുടെ പരിശീലകന്‍ യൂസേബിയോ ഡി ഫ്രാന്‍സെസ്‌കോയേയും നാപ്പോളിയുടെ പരിശീലകന്‍ മൗറീഷ്യോ സാറിയേയും റയല്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റയലിന്‍റെ ചിരവൈരികളായ ബാഴ്സലോണയെ ഇക്കുറി ചാന്പ്യന്‍സ് ലീഗില്‍ നിന്ന് റോമ പുറത്താക്കിയതുമുതല്‍ യൂസേബിയോയുടെ പേര് കാല്‍പന്ത് ലോകത്ത് ചര്‍ച്ചയായിരുന്നു. യൂസേബിയോയുടെ തന്ത്രങ്ങളായിരുന്നു മെസിപ്പടയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയത്. ഇത് തന്നെയാണ് യൂസേബിയോയുടെ സാധ്യതകള്‍ സജീവമാക്കുന്നതും. റയല്‍ മാഡ്രിഡിന്‍റെ ജെഴ്സിയില്‍ തിളങ്ങിയിട്ടുള്ള ഗൂട്ടിയും ചെല്‍സിയുടെ പരിശീലകന്‍ അന്‍റോണിയോ കോണ്ടെയും പട്ടികയിലുള്ളവരാണ്. പ്രീമിയര്‍ ലീഗിലെയും മറ്റ് യൂറോപ്യന്‍ ലീഗുകളിലെയും പ്രമുഖരെയും റയല്‍ നോട്ടമിട്ടിട്ടുണ്ട്.

2016ല്‍ റാഫേല്‍ ബെനിറ്റസിന് പകരക്കാരനായി റയലിലെത്തിയ സിദാന് 2020വരെ ക്ലബുമായി കരാറുണ്ടായിരുന്നു. സിദാന് കീഴില്‍ കളിച്ച 149 മത്സരങ്ങളില്‍ 104ലും റയലിന് ജയിക്കാനായി. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചും തൊട്ടടുത്ത വര്‍ഷം യുവന്‍റസിനെ തോല്‍പിച്ചും ഈ വര്‍ഷം ലിവര്‍പൂളിനെ തോല്‍പിച്ചുമായിരുന്നു സിദാന് കീഴില്‍ റയലിന്‍റെ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍. സിദാന്‍റെ പരിശീലനത്തില്‍ ലാലിഗ, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലും റയല്‍ മുത്തമിട്ടു. 2001 മുതല്‍ 2006 വരെ റയലിന്‍റെ താരമായിരുന്നു മുന്‍ ലോക ഫുട്ബോളര്‍ കൂടിയായ സിദാന്‍.

click me!