
മൂന്ന് സീസണുകള്‍. 149 മത്സരങ്ങള്‍. 104 വിജയങ്ങള്‍. എട്ട് ഫൈനലുകള്‍. ഒമ്പത് കിരീടങ്ങള്‍. ഇതില്‍ മൂന്നെണ്ണം ചാംപ്യന്‍സ് ലീഗില്‍. രണ്ട് വീതം ക്ലബ് ലോകകപ്പും സൂപ്പര്‍ കപ്പും. ഒരു ലാ ലിഗ കിരീടവും സൂപ്പര്‍ കോപ്പയും. വിജയ ശതമാനം 70... സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്നൊഴിയുമ്പോള്‍ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ബാക്കിയാവുന്നത് ഇതൊക്കെയാണ്. 2016ലാണ് മുന്‍ ഫ്രഞ്ച് മധ്യനിര താരം റയല്‍ മാഡ്രിഡ് സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
ഒരു ടോപ് ലെവല്‍ പരിശീലകനുണ്ടായിരിക്കേണ്ട അനുഭവസമ്പത്തു പോലു ഇല്ലാതെയാണു സിദാന്‍ ചുമതലയേറ്റത്. ഇറ്റാലിയന്‍ പരിശീലകന്‍ റാഫേല്‍ ബെനിറ്റസിനെ പുറത്താക്കിയ ശേഷമായിരുന്നു സിദാനെ നിയോഗിച്ചത്. മുറുമുറുപ്പുകളുണ്ടായിരുന്നു പലഭാഗത്തു നിന്നും. പരിശീലകനെന്ന രീതിയില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കില്ലെന്നു ഫുട്‌ബോള്‍ ലോകം മുന്‍കൂട്ടി വിധിയെഴുതി. സിദാന്‍ ചുമതലയേറ്റെടുക്കുമ്പോള്‍ ലാ ലിഗ കിരീട പോരാട്ടത്തിലേക്കു റയലിന്റെ സാധ്യത വിരളമായിരുന്നു. താരങ്ങള്‍ ഒത്തൊരുമയില്ലാതെ മൈതാനത്തു പന്തുതട്ടി. ഗ്രൗണ്ടിനു പുറത്തും റയല്‍ താരങ്ങളുടെ ശരീരഭാഷ ശരിയല്ലായിരുന്നു. എന്നാല്‍ അദ്ദേഹം ചാര്‍ജെടുത്ത ആദ്യ ആഴ്ചയില്‍ത്തന്നെ സാഹചര്യം ആകെമാറി.
ആദ്യ രണ്ടു മത്സരങ്ങളുടെ ഫലം പുറത്തുവന്ന ശേഷം റയലിന്റെ പോര്‍ച്ചുഗീസ് പ്രതിരോധ താരം പെപെ ഇങ്ങനെ പറഞ്ഞു. മുന്‍ ഫ്രഞ്ച് താരം, ലോകത്തിലെ മികച്ച പരിശീലകരില്‍ ഒരാളാകും. കാലം കഴിഞ്ഞു, പെപെ ക്ലബ് വിട്ടുപോയി. പെപെയുടെ നാക്ക് പൊന്നായി. അതിന്റെ ഏറ്റവും വലിയ അടയാളമാണ് മുകളില്‍ പറഞ്ഞ ട്രോഫികളുടെ കണക്ക്. ലോകത്തെ മികച്ച പരിശീകരുടെ സിംഹാസനത്തിലേക്ക്, സിനദിന്‍ സിദാന് അനായായം നടന്നടുക്കുകയായിരുന്നു.
2016 ജനുവരിയിലാണ് ബെനിറ്റസിന് പകരക്കാരനായി സിദാന്‍ വരുന്നത്. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ മുഖമുദ്രയായ പ്രതിരോധാത്മക ഫുട്‌ബോളാണു ബെനിറ്റസ് റയലില്‍ പരീക്ഷിച്ചത്. കായികബലത്തിന്റെ മേല്‍ക്കൈകാട്ടുന്ന ഇറ്റാലിയന്‍ പ്രതിരോധം. അതുകൊണ്ടു തന്നെ കളിക്കാരോടുള്ള സമീപനവും പട്ടാളചിട്ടയോടെയായിരുന്നു. സിദാന്‍ താരങ്ങളോടു സൗഹാര്‍ദത്തോടെ സ്‌നേഹമുള്ള വാക്കുകളില്‍ സംസാരിക്കുന്നു. അതുതന്നെയായിരുന്നു റയല്‍ അടുത്തിടെ നേടിയെടുത്ത വിജയങ്ങളുടെ കാരണവും. താരങ്ങള്‍ക്ക് അവരുടെ ഇഷ്ടത്തിനു കളിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തുവെന്നാണു സിദാന്‍ ചെയ്ത ഏറ്റവും കാര്യം.
ബെനിറ്റസിന്റെ കീഴില്‍ മുഖം വീര്‍പ്പിച്ചു നിന്ന പലരും പരിശീലന ക്യാംപിലും പുറത്തും ചിരിച്ചുകൊണ്ടു സംസാരിച്ചു തുടങ്ങി. ബെനിറ്റസിന്റെ കീഴില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്ല പിന്നീടു കണ്ടത്. ആ സമയത്ത് പോര്‍ച്ചുഗീസ് താരം ക്ലബ്ബ് വിടുമെന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഫ്രഞ്ച് ഇതിഹാസ താരം പരിശീലകന്റെ കുപ്പായമണിഞ്ഞപ്പോള്‍ ഗോളടിക്കുന്ന റൊണാള്‍ഡോയെ കാണാന്‍ സാധിച്ചു.
ആ സീസണില്‍ ബാഴ്‌സയ്‌ക്കെതിരേ നൗക്യാംപില്‍ 1-2ന് വിജയിച്ചപ്പോള്‍ റയലിന്റെ ഘടന തന്നെമാറി. ലോകത്തെ മികച്ച കളിക്കാരന്‍ എന്ന തലത്തില്‍ നിന്ന് മികച്ച പരിശീകനെന്ന തലത്തിലേക്കു സിദാന്‍ ഉയരുകയായിരുന്നു. സീസണില്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ ജര്‍മന്‍ വൂള്‍സ്ബര്‍ഗില്‍ നിന്ന് 2-0ത്തിന്റെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. തോല്‍വിക്കു ശേഷം രണ്ടാംപാദത്തില്‍ റയലിന്റെ തിരിച്ചുവരവ് എല്ലാവരേയും അമ്പരപ്പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ 3-0ത്തിന്റെ തകര്‍പ്പന്‍ ജയം.
തല ഉയര്‍ത്തി തന്നെയാണ് സിദാന്‍ ബെര്‍ണാബ്യൂവില്‍ നിന്ന് മടങ്ങുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗിന്റ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ മാനേജരാണ് ഫ്രാന്‍സിന്റെ മുന്‍ താരം. ലാ ബ്ലാങ്കോസിന്‍ ഒരു പുതിയ മാനേജര്‍ എത്തുമ്പോള്‍ ഈ വിജയ പരമ്പര എത്രത്തോളം തുടരാന്‍ സാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!