ഹാമിഷ് റോഡ്രിഗസിനെ റയൽ കൈയൊഴിയുന്നു

By Web DeskFirst Published Jul 3, 2016, 2:01 AM IST
Highlights

മാഡ്രിഡ്: കൊളംബിയൻ ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസിനെ സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡ് ഒഴിവാക്കുന്നു. റോഡ്രിഗസ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. ബ്രസീൽ ലോകകപ്പിൽ യുറുഗ്വേയ്ക്കെതിരെ നേടിയ വണ്ടർ ഗോളാണ് ഹാമിഷ് റോഡ്രിഗസിനെ മിന്നും താരമാക്കിയത്. ആ വർഷത്തെ മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്കാസ് അവാർഡും റോഡ്രിഗസിനായിരുന്നു.

ആറ് ഗോളുകളോടെ ടോപ് സ്കോർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ റോഡ്രിഗസിനെ ലോകകപ്പ് കഴിയും മുൻപേ റയൽ മാഡ്രിഡ് സ്വന്തമാക്കി. എസ് മൊണാക്കോയിൽ നിന്ന് ഏറ്റവും പ്രതിഫലം പറ്റുന്ന കൊളംബിയൻ താരമെന്ന റെക്കോർഡുമായി റയലിലെത്തിയ റോഡ്രിഗസിന് റയലിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. 55 കളികളിൽ നിന്ന് നേടിയത് 20 ഗോളുകൾ.

സിനദിൻ സിദാൻ റയൽ കോച്ചായി എത്തിയതോടെ റോഡ്രിഗസിന്റെ കഷ്ടകാലം തുടങ്ങി. സിദാന്റെ ഗെയിംപ്ലാനിൽ കൊളംബിയൻ ക്യാപ്റ്റനില്ലായിരുന്നു. മിക്കപ്പോഴും സൈഡ് ബഞ്ചിലായി റോഡ്രിഗസിന്റെ സ്ഥാനം. പുതിയ സീസണ് തുടക്കമാവുമ്പോൾ റോഡ്രിഗസിനെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസും സിദാനും.

മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് കോച്ച് ഹൊസേ മോറീഞ്ഞോയും ചെൽസിയും ഫ്രഞ്ച് ക്ലബായ പാരിസ് സെന്‍റ് ജെർമെയ്നും റോഡ്രിഗസിനെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. റോഡ്രിഗസിന് പകരം ചെൽസിയുടെ ബൽജിയം താരം എഡെൻ ഹസാർഡിനെയോ ഫ്രഞ്ച് പ്ലേമേക്കർ പോൾ പോഗ്ബയെയോ ടീമിലെത്തിക്കുയാണ് സിദാന്റെ ലക്ഷ്യം.

click me!