
മുംബൈ: പൂജ്യത്തിനു വിലയില്ലെന്നു മറ്റാരോടു പറഞ്ഞാലും റിയ പിള്ളയോടു പറയരുത്. കാരണം വർഷങ്ങളുടെ നിയമപോരാട്ടത്തിനുശേഷം കോടതിയിൽ പൂജ്യം ഒഴിവായപ്പോൾ റിയ പിള്ളയ്ക്കു നഷ്ടപ്പെട്ടത് 90 ലക്ഷം രൂപയാണ്. ടെന്നീസ് താരം ലിയാൻഡർ പേസുമായുള്ള ബന്ധം വേർപിരിഞ്ഞ റിയ പിള്ള 2014ൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു.
പീഡനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവർ ഹർജി സമർപ്പിച്ചത്. അതുവരെ എല്ലാം കറക്ടായിരുന്നു. പക്ഷേ, റിയ കേസ് ഏൽപ്പിച്ച വക്കീൽമാർക്കു വൻ പിഴവു പറ്റി. ഒരു കോടി രൂപ എന്നെഴുതിയപ്പോൾ ഒരു പൂജ്യം ചേർക്കാൻ വക്കീൽ മറന്നു പോയി. ഇതോടെ തുക വെറും പത്തുലക്ഷമായി.
ഹർജിയിൽ കഴിഞ്ഞദിവസം വാദം കേട്ടപ്പോൾ നഷ്ടപരിഹാരം വെറും 10 ലക്ഷം ആയി ചുരുങ്ങിയതുകണ്ട് റിയയും അഭിഭാഷകരും ഞെട്ടി. ഉടൻതന്നെ അഭിഭാഷകരായ ഗുഞ്ജൻ മംഗളയും അംന ഉസ്മാനും ആവശ്യപ്പെട്ട തുകയിൽ ഒരു പൂജ്യം എഴുതാൻ മറന്നു പോയതായി ജഡ്ജി മഹേഷ് ജത് മലാനിയോട് ബോധിപ്പിച്ചു. കോടതിയുടെ അന്വേഷണത്തിൽ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം കണക്കാക്കിയിരുന്നു. എന്തായാലും ഒരു പൂജ്യം എഴുതി ചേർക്കാൻ വിട്ടുപോയതാണെന്ന് കാട്ടി അഭിഭാഷകർ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.
കുട്ടിയുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നതിൽ പേസ് പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് റിയ ഹർജി നൽകിയിരിക്കുന്നത്. 2010ൽ സ്കൂളിൽ ചേർത്ത കുട്ടിയുടെ ഫീസും കാര്യങ്ങളും 2013 മുതലാണ് പേസ് വഹിച്ചു തുടങ്ങിയതെന്നും ജനിച്ചപ്പോൾ മുതൽ അതുവരെയുള്ള കുട്ടിയുടെ ചിലവുകൾ താൻ ഒറ്റയ്ക്കാണു വഹിച്ചതെന്നും ഇവർ പറയുന്നു. കുട്ടിയെ മാനസികമായും സാന്പത്തികമായും പിന്തുണയ്ക്കാൻ പേസ് പരാജയപ്പെട്ടുവന്നും ഇവർ ആരോപിക്കുന്നു.
ഓരോ മാസവും തനിക്കും മകൾക്കും 2.62 ലക്ഷം വീതം നൽകണമെന്നായിരുന്നു ഹർജിയിൽ റിയ ആവശ്യപ്പെട്ടത്. മാത്രമല്ല ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആൾട്ടിസ്, ഹോണ്ട സിറ്റി തുടങ്ങിയ കാറുകളിൽ ഒന്നും പേസിൽനിന്ന് ഇവർ ആവശ്യപ്പെടുന്നുണ്ട്. ആകെ 1.43 കോടി രൂപയാണ് റിയ പിള്ള പേസിൽ നിന്നും ആവശ്യപ്പെടുന്നത്.
ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടർന്ന് വിവാഹമോചനം നടത്തി പേസുമായുള്ള ബന്ധം ആരംഭിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!