നിര്‍ണായക പരമ്പര; രോഹിത് ശര്‍മ്മയെ ഒഴിവാക്കി

By Web TeamFirst Published Nov 13, 2018, 9:13 PM IST
Highlights

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ന്യൂസീലാന്‍ഡിനെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് രോഹിത് ശര്‍മ്മയെ ഒഴിവാക്കി.

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ന്യൂസീലാന്‍ഡിനെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് രോഹിത് ശര്‍മ്മയെ ഒഴിവാക്കി. മൂന്ന് ചതുര്‍ദിന ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡില്‍ നേരത്തെ ഹിറ്റ്‌മാനെ ഉള്‍പ്പെടുത്തിയിരുന്നു. രോഹിതിന്‍റെ വര്‍ക്ക് ലോഡ് പരിഗണിച്ച് മെഡിക്കല്‍ ടീമിന്‍റെ നിര്‍ദേശപ്രകാരമാണ് സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്‍റും വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചത്. 

രോഹിതിനൊപ്പം സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, മുരളി വിജയ്, ഹനുമാ വിഹാരി, പാര്‍ത്ഥീവ് പട്ടേല്‍, യുവതാരം പൃഥ്വി ഷാ എന്നിവരെയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ മാത്രമേ ഈ സീനിയര്‍ താരങ്ങള്‍ കളിക്കുകയുള്ളൂ. മറ്റ് രണ്ട് മത്സരങ്ങള്‍ക്കും വേറിട്ട സ്‌ക്വാഡാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഓസീസ് പരീക്ഷയ്ക്ക് മുന്‍പ് ന്യൂസീലാന്‍ഡിനെതിരെ കളിക്കുന്നത് സീനിയര്‍ താരങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് ഇന്ത്യ എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ അഭിപ്രായം. 

എന്നാല്‍ ഓസീസിനെതിരായ ടി20 പരമ്പരയ്ക്ക് വെള്ളിയാഴ്‌ച പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം രോഹിതുമുണ്ടാകും. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് രോഹിത് അടുത്തിടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. കോലിയുടെ അഭാവത്തില്‍ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ രോഹിതായിരുന്നു ഇന്ത്യന്‍ സംഘത്തെ നയിച്ചത്. രോഹിത് മുന്നില്‍നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. 

click me!