
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനുള്ള കാരണം സ്പെയിനിലെ നികുതി നിരക്കും അദ്ദേഹത്തിനെതിരായ നികുതി വെട്ടിപ്പ് കേസുമാണെന്ന് ലാ ലിഗ പ്രസിഡന്‍റ് ഹാവിയര്‍ ടെബാസ് പറഞ്ഞിരുന്നു. എന്നാല്‍, അവസാന സീസണ്‍ ചാംപ്യന്‍സ് ലീഗ് മത്സരത്തിനിടെ യുവന്‍റസ് ആരാധകര്‍ തന്ന ആദരമാണ് തന്നെ ക്ലബിലേക്ക് അടുപ്പിച്ചതെന്നായിരുന്നു റൊണാള്‍ഡോയുടെ കൂടുമാറ്റത്തിനുള്ള വിശദീകരണം.
പക്ഷേ, റൊണാള്‍ഡോയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസില്‍ സ്പാനിഷ് നികുതി വകുപ്പ് കടുത്ത ശിക്ഷ വിധിച്ചതോടെ ലാ ലിഗ പ്രസിഡന്‍റിന്‍റെ പരാമര്‍ശം ശരിയാണോയെന്ന് ചോദിക്കുകയാണ് ഫുട്ബോള്‍ ലോകം. രണ്ടു വര്‍ഷത്തെ തടവും 19 ദശലക്ഷം യൂറോയുമാണ് പോര്‍ച്ചുഗലിന്‍റെ നായകനുമേല്‍ ചുമത്തിയിരിക്കുന്നത്. കടുത്ത ശിക്ഷയും പിഴയും മുന്നില്‍ കണ്ടാണ് റയലില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിലേക്ക് റോണോ ചുവട് മാറ്റിയതെന്ന ആരോപണവുമായി വിമര്‍ശകര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.
എന്തായാലും സ്പെയിനിലെ നിയമം അനുസരിച്ച് റൊണാള്‍ഡോയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. രണ്ടു വര്‍ഷം വരെയുള്ള തടവ് ശിക്ഷ ആദ്യ തവണയാണെങ്കില്‍ അനുഭവിക്കേണ്ടതില്ലെന്നാണ് സ്പാനിഷ് നിയമം. ഏറെ നാളായി സ്പെയിനില്‍ റോണോയ്ക്കെതിരെ കേസ് നടക്കുകയായിരുന്നു. പക്ഷേ, ആദ്യം മുതല്‍ തനിക്കെതിരെ ഉയര്‍ന്ന നികുതി വെട്ടിപ്പ് ആരോപണങ്ങളെ റൊണാള്‍ഡോ നിഷേധിച്ചിരുന്നു.
14 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് ആരോപണമാണ് ആദ്യം മുന്‍ റയല്‍ താരത്തിനെതിരെ ഉയര്‍ന്നത്. 2011-14 കാലഘട്ടത്തില്‍ നികുതി വെട്ടിച്ചെന്നുള്ള നാലു കേസുകളാണ് റൊണാള്‍ഡോയുടെ പേരിലുണ്ടായിരുന്നത്. നേരത്തേ, ബാഴ്‍സലോണയുടെ അര്‍ജന്‍റീനിയന്‍ താരം ലിയോണല്‍ മെസിക്കും സ്പെയിനില്‍ നികുതി വെട്ടിപ്പ് കേസില്‍ തടവ് ശിക്ഷയും പിഴയും വിധിച്ചിരുന്നു. അലക്സിസ് സാഞ്ചസ്, ഹവിയര്‍ മഷറാനോ തുടങ്ങിയ താരങ്ങളും നികുതി വെട്ടിപ്പില്‍ കുടുങ്ങിയ താരങ്ങളാണ്. റഷ്യന്‍ ലോകകപ്പിനിടയാണ് റയല്‍ വിടുകയാണെന്ന് റൊണാള്‍ഡോയ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!