
റോം: പോര്‍ച്ചുഗീസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതിന്‍റെ ക്ഷീണം റയല്‍ മാഡ്രിഡിന് ഇതുവരെ മാറിയിട്ടില്ല. ലാ ലിഗയില്‍ കൂട്ടത്തോല്‍വി നേരിടുകയാണ് റയല്‍. അവസാനം നടന്ന എല്‍ ക്ലാസിക്കോയില്‍ 5-1ന് ദയനീയമായി പരാജയപ്പെട്ടു. തുടര്‍ തോല്‍വികളും റോണോയ്ക്ക് പകരക്കാരനെ കണ്ടെത്താനും കഴിയാതെ റയല്‍ കടുത്ത സമ്മര്‍ദ്ധത്തിലാണ്.
തോല്‍വികളെ തുടര്‍ന്ന് പരിശീലകനെ മാറ്റി എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ക്ലബിനെ കൂടുതല്‍ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സിആര്‍7. ആരാധകരെ ഞെട്ടിച്ച് ഒരു സുപ്രഭാതത്തില്‍ താന്‍ റയല്‍ വിടാനുള്ള കാരണം ക്ലബ് ഉടമ ഫ്ലോരന്‍റീനോ പെരസിന്‍റെ സമീപനമാണെന്ന് റോണോ തുറന്നുപറഞ്ഞു. ക്ലബിലേക്ക് 2009ല്‍ എത്തിയപ്പോള്‍ ലഭിച്ചിരുന്ന പരിഗണ പിന്നീട് തനിക്ക് ലഭിച്ചില്ലെന്ന് റയലിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ പറഞ്ഞു.
'പെരസില്‍നിന്ന് ആദ്യ നാലഞ്ച് വര്‍ഷങ്ങള്‍ തനിക്ക് നല്ല പരിഗണന ലഭിച്ചു. എന്നാല്‍ അത് അധികനാള്‍ തുടര്‍ന്നില്ല, കുറഞ്ഞുവന്നു'- ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ യുവന്‍റസ് താരം വ്യക്തമാക്കി. റയലിന് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷം ഈ സീസണിന്‍റെ തുടക്കത്തിലാണ് 100 മില്യണ്‍ യൂറോയ്‌ക്ക് റൊണാള്‍ഡോ യുവന്‍റസിലേക്ക് ചേക്കേറിയത്.
ഒമ്പത് വര്‍ഷം വെള്ളക്കുപ്പായത്തില്‍ കളിച്ചശേഷമാണ് റോണോ റയല്‍ വിട്ടത്. ഇതോടെ റോണോയുടെ കൂടുമാറ്റം സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ടായി. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയതോടെ റയല്‍ മാഡ്രിഡ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. റോണോയെ വിട്ടുകൊടുത്തതും പകരക്കാരനെ കണ്ടെത്താതിരുന്നതുമാണ് തുടര്‍ തോല്‍വികള്‍ക്ക് കാരണമെന്ന് വിമര്‍ശനങ്ങളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!