കിരീടം നിലനിർത്താനാണ് ബാഴ്സലോണ ഇറങ്ങുന്നതെങ്കില്‍ അവസാന ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയാണ് റയൽ മാഡ്രിഡിന്‍റെ ലക്ഷ്യം.

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പിൽ ഇന്ന് എൽ ക്ലാസിക്കോ ഫൈനൽ. നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ കിരീടപ്പോരാട്ടത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് റയൽ മാഡ്രിഡിനെ നേരിടും. ഫാന്‍കോഡ് ആപ്പിലൂടെ ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും. പഴയ വീര വിജയ കഥകിളേക്ക് ഒന്ന് കൂടി ചേർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബാഴ്സയുടെയും റയലിന്‍റെയും ആരാധകർ ഈ ദിനത്തിനായി കാത്തിരിക്കുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയമാണ് ഈവർഷത്തെ ആദ്യ എൽ ക്ലാസിക്കോയ്ക്ക് വേദിയാവുക.

കിരീടം നിലനിർത്താനാണ് ബാഴ്സലോണ ഇറങ്ങുന്നതെങ്കില്‍ അവസാന ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയാണ് റയൽ മാഡ്രിഡിന്‍റെ ലക്ഷ്യം.ഇതേവേദിയിൽ കഴിഞ്ഞ വർഷം ബാഴ്സ റയലിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ചാമ്പ്യമാരായത്. കാല്‍മുട്ടിന് പരിക്കേറ്റ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പേ ഇല്ലാതെ ബാഴ്സയുടെ വെല്ലുവിളി മറികടക്കുക എന്നതാണ് റയലിന്‍റെ പ്രധാന വെല്ലുവിളി.

വിനിഷ്യസ് ജൂനിയർ, ഗോൺസാലോ ഗാർസ്യ, റോഡ്രിഗോ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരിലാണ് റയലിന്‍റെ പ്രതീക്ഷ. മധ്യനിരയിൽ ചുവാമെനി, കാമവിംഗ കൂട്ടുകെട്ടിന്‍റെ മികവും നിർണായകമായും. ലമീൻ യമാൽ, ഫെറാൻ ടോറസ്, ഫെർമിൻ ലോപസ്, റഫീഞ്ഞ, പെഡ്രി, ഫ്രെങ്കി ഡിയോംഗ്, തുടങ്ങിവയവരുടെ ബൂട്ടുകളിലേക്കാണ് ബാഴ്സ ആരാധകർ ഉറ്റുനോക്കുന്നത്. റോബർട്ട് ലെവൻഡോഡോവ്സ്കി, മാർക്കസ് റാഷ്ഫോർഡ്, ഡാനി ഓൽമോ എന്നിവരും ബാഴ്സ നിരയിലുണ്ട്. സ്പാനിഷ് ലീഗില്‍ റയലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക